തൃശൂർ: "വിരലുകളിൽ നാലെണ്ണത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് ബാധിക്കുക കൈകളെ മാത്രമല്ല, ശരീരത്തെ ആകെയാണെന്നും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് കശ്മീരിലായാലും അത് ഇന്ത്യയെ പൂർണ്ണമായാണ് ബാധിക്കുന്നതെന്നും കേന്ദ്രഭരണപ്രദേശമായ ഡാമൻ ആൻഡ് ഡിയുവിലെ ഊർജ്ജവകുപ്പ് സെക്രട്ടറിയായ കണ്ണൻ ഗോപിനാഥൻ പറഞ്ഞു. സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഐ.എ.എസ് ഹോട്ട്‌ സ്‌പോട്ടിൽ എന്തിന് ഐ.എ.എസ് പദവി ഉപേക്ഷിക്കണമെന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ 370ാം വകുപ്പ് നീക്കം ചെയ്തതിനേക്കാളേറെ തന്നെ അലോസരപ്പെടുത്തിയത് ആ വിഷയത്തിലുള്ള ഇന്ത്യൻ ജനതയുടെ നിസ്സംഗതയായിരുന്നു.'' 27 വർഷം അനുഭവിക്കാൻ ബാക്കിയുണ്ടായിരുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെന്ന പദവിയേക്കാൾ മാതൃരാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയെന്നതാണ് പ്രധാനപ്പെട്ടത്. കേന്ദ്രസർക്കാർ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല. രാജി സ്വീകരിച്ചാലും ഇല്ലെങ്കിലും ഇനി സർവീസിലേയ്ക്ക് ഇല്ലെന്നു തന്നെയാണ് ഉറച്ച തീരുമാനം. ഇതരത്വം ആണ് ഇന്ന് പലരുടെയും മനസിനെ കീഴ്‌പ്പെടുത്തുന്നത്. തനിക്ക് സംഭവിക്കുന്നതല്ലാത്ത ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന ചിന്തയിൽ മാറ്റം വരണം. രാജ്യത്തിന്റെ ഒരു ഭാഗത്ത് എന്തെങ്കിലും സംഭവിക്കുമ്പോൾ അത് നമ്മളെയും ബാധിക്കും. തെറ്റുകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ പലവിധത്തിൽ മുദ്രണം ചെയ്ത് വിമർശനങ്ങളുടെ മുനയൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യയുടെ സമ്പദ്ഘടന പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സാമ്പത്തികവിദഗ്ദർ പറയുന്നു. പാക്കിസ്ഥാനോ ചൈയോ ഇക്കാര്യം ചൂണ്ടിക്കാട്ടിയാൽ ഇക്കാര്യം ചർച്ച ചെയ്യപ്പെടാനേ പാടില്ല എന്ന് പറയുന്നത് എന്ത് തരം യുക്തിയാണ്. സർക്കാരുകൾക്ക് പരാജയം സംഭവിച്ചേക്കാം. പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത് നിങ്ങളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.