lottery
കണ്ടശാംകടവ് ഇമ്മാനുവേൽ ലോട്ടറി ഏജൻസിയിൽ ലഭിച്ച സമ്മാനർഹമായ വ്യാജ ലോട്ടറികൾ

അന്തിക്കാട്: തീരദേശത്ത് സമ്മാനാർഹമായ നമ്പറിലുള്ള വ്യാജ ലോട്ടറി നൽകി പണം തട്ടുന്ന സംഘം വിലസുന്നു. പണം നഷ്ടപ്പെടുന്നതിനാൽ ലോട്ടറി വിൽപ്പനക്കാരും ഹോൾസെയിൽ റീട്ടെയിൽസ് ഉടമകളും ഏജൻസികളും പരിഭ്രാന്തിയിൽ. 10,000 രൂപ നഷ്ടപ്പെട്ട കണ്ടശാംകടവ് ഇമ്മാനുവേൽ ലോട്ടറി ഏജൻസി നടത്തുന്ന അരിമ്പൂർ വീട്ടിൽ ജിജോ അന്തിക്കാട് പൊലീസിൽ പരാതി നൽകി. ലോട്ടറി വിൽപ്പനക്കാരനായ തോണത്ത് വിൻസെന്റിനാണ് വിൻ - വിൻ ഭാഗ്യക്കുറിയുടെ 5,000 രൂപയുടെ സമ്മാനാർഹമായ ഡബ്ളിയുഒ , ഡബ്ളിയുപി സീരിയലിൽ 665649 നമ്പറിലുള്ള ടിക്കറ്റുകൾ ലഭിച്ചത്.

ഈ രണ്ട് ടിക്കറ്റിലെയും അവസാന നാലക്ക നമ്പറിനാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചത്. ടിക്കറ്റുകൾ വിൻസെന്റ് ജിജോയുടെ കടയിൽ നൽകി 10,000 രൂപ വാങ്ങി. സമ്മാനാർഹമായ ഈ ടിക്കറ്റുകൾ മാറാനായി ചാവക്കാട് ലോട്ടറി ഓഫീസിൽ പോയി നൽകിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ഈ ലോട്ടറികൾ വ്യാജമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കി. ലോട്ടറി ഓഫീസിലെ കമ്പ്യൂട്ടറിൽ ലോട്ടറിയുടെ ചിപ്പ് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ജിജോ പൊലീസിൽ പരാതി നൽകിയത്. ഈ ലോട്ടറി മറ്റ് കടകളിലെ കമ്പ്യൂട്ടറിൽ നോക്കിയപ്പോൾ സമ്മാനാർഹമാണെന്ന് കാണിക്കുന്നുണ്ട്. തൃശൂരിലെ ജോൺസൻ ആൻഡ് ജോൺസൻ എന്ന ഏജൻസി കടയുടെ സീലും അടിച്ചിട്ടുണ്ട്.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം ചാവക്കാട് ഒരു ലോട്ടറി കടയിലും സമ്മാനാർഹമായ വ്യാജലോട്ടറി നൽകി പണം തട്ടിയിരുന്നു. സി.സി.ടി.വി കാമറ പരിശോധിച്ച് പൊലീസ് ലോട്ടറി നൽകിയ ആളെ പിടികൂടി പണം തിരിച്ച് നൽകിയിരുന്നു.

പ്രസുകൾ വഴി തട്ടിപ്പോ ?

ലോട്ടറി അച്ചടിക്കുന്ന പ്രസുകളിൽ നിന്ന് കണക്കിൽപെടാതെ അധികം ലോട്ടറികൾ അച്ചടിച്ച് വിൽപ്പന നടത്തിയിട്ടുണ്ടാകുമോയെന്ന് സംശയിക്കുന്നുണ്ട്. സാധാരണ സ്ത്രീശക്തി ലോട്ടറി സർക്കാർ പ്രസുകളിലും അച്ചടി സൗകര്യത്തിന് മറ്റ് ലോട്ടറികൾ സ്വകാര്യ പ്രസുകളിലുമാണ് അച്ചടിക്കുന്നത്. വിൻ - വിൻ 1.08 കോടി ടിക്കറ്റുകളാണ് അച്ചടിച്ചു വിതരണം ചെയ്യുന്നത്. ഇതിൽ കൂടുതൽ ടിക്കറ്റുകൾ സർക്കാർ അംഗീകാരമില്ലാതെ പ്രസുകളിൽ അടിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്.

പ്രതിസന്ധി വിൽപ്പനക്കാർക്ക്

കമ്പ്യൂട്ടറുകളിൽ സമാനാർഹമെന്ന് കാണിക്കുന്നതിനാൽ എന്തുചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് ഏജൻസികളും റീട്ടെയിൽ വിൽപ്പനക്കാരും. വ്യാജ ലോട്ടറിയുടെ വരവ് ഇവരെ വല്ലാതെ വിഷമത്തിലാക്കുന്നുണ്ട്. പലർക്കും പണം നഷ്ടപ്പെടുന്നു. വ്യാജലോട്ടറി വർദ്ധിച്ചിട്ടും ലോട്ടറി വകുപ്പ് അധികൃതർ ഉയർന്ന പോലീസ് അധികൃതർക്ക് ഇനിയും പരാതി നൽകിയിട്ടില്ല.