mariyam-thresya

മാള: സ്ത്രീകൾക്ക് പൊതുസമൂഹം കൽപ്പിച്ചിരുന്ന വിലക്കുകളെ അതിജീവിച്ച്‌ കുടുംബം കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക്. കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വത്തിക്കാനിൽ, അനേക ലക്ഷങ്ങളുടെ സാന്നിദ്ധ്യത്തിൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും.

ഇരിങ്ങാലക്കുട രൂപതയിൽ പുത്തൻചിറ ദേശത്ത് 1876 ഏപ്രിൽ 26 നായിരുന്നു ജനനം. പുത്തൻചിറ ചിറമേൽ മങ്കിടിയാൻ തോമയുടെയും താണ്ടയുടെയും മൂന്നാമത്തെ മകൾക്ക് ചെറിയ പ്രായം മുതലേ ദൈവസ്നേഹം പ്രകടമായിരുന്നു. തുടക്കം മുതലേ കുടുംബംഗങ്ങൾക്കായി ജീവിതം സമർപ്പിച്ച പ്രവർത്തനം. ക്രിസ്തുവിന്റെ കരുണാർദ്ര സ്നേഹത്തിൽ വിശ്വസിച്ചു. 1913 ൽ ആശ്രമ ജീവിതം ആഗ്രഹിച്ച് ഏകാന്തഭവനം നിർമ്മിച്ചത് ഹോളി ഫാമിലി സന്യാസി സമൂഹത്തിന് അടിത്തറയായി. 1914 മേയ് 14 ന്‌ പുത്തൻചിറയിൽ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. സ്ത്രീകൾ പുറത്തിറങ്ങുന്നതും പൊതുപ്രവർത്തനം നടത്തുന്നതും അനുവദനീയമല്ലാത്ത കാലഘട്ടത്തിൽ അതിനെയെല്ലാം മറികടന്നു. ജാതി-മത ഭേദമെന്യേ കുടുംബങ്ങളെ ഉദ്ധരിച്ചു. ജോസഫ് വിതയത്തിലച്ചന്റെ പ്രോത്സാഹനം കരുത്തുപകർന്നു. പഞ്ചക്ഷതങ്ങൾ, പീഡാനുഭവ മുറിപ്പാടുകൾ, ദർശനങ്ങൾ, വെളിപാടുകൾ തുടങ്ങിയ ആത്മീയ അനുഭവങ്ങൾ ലഭിച്ചാണ് 1926 ജൂൺ 8 ന് അമ്പതാം വയസിൽ ത്രേസ്യ ദിവംഗതയായത്. 1999 ജൂൺ 28 ന് ജോൺ പോൾ മാർപാപ്പ ധന്യയായി പ്രഖ്യാപിച്ചു. 2000 ഏപ്രിൽ 9 ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.