കാട്ടൂർ: കാട്ടൂരിൽ അനധികൃത മത്സ്യവിൽപ്പന ശാലകൾക്കെതിരെ ആരോഗ്യ വിഭാഗം നടപടി ആരംഭിച്ചു. ഒരു മത്സ്യ വിൽപ്പനശാല പൊലീസ് സഹായത്തോടെ ആരോഗ്യ വിഭാഗം അടപ്പിച്ചു. കാട്ടൂരിലെ ബീർ ആൻഡ് വൈൻ പാർലറിന് മുന്നിൽ പ്രവർത്തിക്കുന്ന അനധികൃത മത്സ്യ വിൽപ്പനശാലകൾക്കെതിരെയാണ് നടപടി. പെരിഞ്ഞനം സ്വദേശിയുടെ സ്ഥലത്താണ് ശാല പ്രവർത്തിക്കുന്നത്. ദുർഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ആരോഗ്യ വിഭാഗം പരിശോധനയ്ക്കെത്തിയത്. വിൽപ്പനശാലകൾക്ക് യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതോടെ ഉദ്യാഗസ്ഥർ വിൽപ്പന കേന്ദ്രം അടക്കാൻ നിർദ്ദേശിച്ചെങ്കിലും വിൽപ്പനക്കാർ തയ്യാറായില്ല. പിന്നീട് കാട്ടൂർ പൊലീസിന്റെ സഹായത്തോടെ വിൽപ്പന കേന്ദ്രം പൂട്ടി. സ്ഥലം ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.