കയ്പ്പമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട കെട്ടിട നിർമ്മാണ പെർമിറ്റ് പ്രവൃത്തികൾ സുതാര്യമാക്കണമെന്ന് മന്ത്രി എ. സി മൊയ്തീൻ. എടത്തിരുത്തി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നത് ജനങ്ങൾക്കായാണെന്നും മന്ത്രി പറഞ്ഞു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ അബീദലി എന്നിവർ മുഖ്യാതിഥികളായി. കെട്ടിടം നിർമിക്കാൻ സ്ഥലം നൽകിയ കൊല്ലാറ അരവിന്ദാക്ഷനെ ആദരിച്ചു. റിട്ട ഐ.എ.എസ്. ഡോ.കെ.എസ് സുഗതൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്ത് പഞ്ചായത്തംഗം ബി.ജി വിഷ്ണു, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. സതീഷ്, ഇൻകെൽ ലിമിറ്റഡ് ചീഫ് എൻജിനീയർ പ്രേംകുമാർ ശങ്കരപ്പണിക്കർ, എടത്തിരുത്തി പഞ്ചായത്ത് സെക്രട്ടറി ടി. എസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരവും തനത് ഫണ്ട് ഉപയോഗപ്പെടുത്തിയും 47 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 23 സെന്റ് സ്ഥലത്താണ് കെട്ടിടം വരുന്നത്. ഇ .ടി ടൈസൺ മാസ്റ്ററുടെ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നില നിർമ്മിക്കുന്നത്.