ഗുരുവായൂർ: കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ സത്യം തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് അന്ന് കളങ്കിതരാക്കപ്പെട്ട ആ യുവാക്കൾ. തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർത്ഥ പ്രതിയെ ഇന്നലെ പൊലീസ് പിടികൂടിയതോടെയാണ് ഈ യുവാക്കളുടെ നിരപരാധിത്വം തെളിഞ്ഞത്. 1994 ഡിസംബർ നാലിന് പുലർച്ചെ രണ്ടിനാണ് ഗുരുവായൂർ തൊഴിയൂർ സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ സുനിൽ കൊല ചെയ്യപ്പെട്ടത്. ഗുരുവായൂർ ചാവക്കാട് മേഖലയിലുള്ള ഒമ്പത് യുവാക്കളെയാണ് അന്ന് പൊലീസ് പ്രതികളാക്കിയത്. ഇവരിൽ നാല് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തി തൃശൂർ അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

സി.പി.എം പ്രവർത്തകരായ ചാവക്കാട് മുതുവട്ടൂർ സ്വദേശി വി.ജി. വിജി, രായംമരക്കാർ വീട്ടിൽ ജെപ്പു എന്ന റഫീഖ്, തൈക്കാട് ബാബുരാജ്, കല്ലിങ്ങപറമ്പിൽ ഹരിദാസ് എന്നിവരെയാണ് ശിക്ഷിച്ചത്. അന്ന് 20നും 25നും ഇടയിൽ പ്രായമായവരായിരുന്നു ഇവരിൽ പലരും. ഇതിൽ കല്ലിങ്ങപറമ്പിൽ ഹരിദാസ് അഞ്ച് വർഷം മുമ്പ് മരണപ്പെട്ടു.

നാലു പേരും മൂന്ന് മാസത്തിലേറെ വിവിധ ജയിലുകളിൽ കഴിഞ്ഞു. കേസിൽ പ്രതിയായതോടെ ബിജിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. വീട്ടിലുള്ളവർക്ക് ജോലിക്ക് പോകാനാകാത്ത അവസ്ഥയായി. റഫീഖ് കൊലക്കേസിൽ പ്രതിയായതറിഞ്ഞ് ബാപ്പ ഗൾഫിലെ ജോലി ഉപേക്ഷിച്ച് മടങ്ങി. ഇതോടെ കുടുംബം സാമ്പത്തികമായി തകർന്നു.

മൂന്നാം പ്രതി ബാബുരാജ് സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. അച്ഛൻ മരിച്ചശേഷം കുടുംബത്തെ പുലർത്തിയ ബാബുവിന്റെ കുടുംബവും പട്ടിണിയിലായി. നാലാം പ്രതി ഹരിദാസിന്റെ കുടുംബവും കേസിൽ പ്രതിയായതോടെ തകർന്നു. ലക്ഷങ്ങൾ കടം വാങ്ങിയും കിടപ്പാടം വരെ പണയം വച്ചുമായിരുന്നു കേസ് നടത്തിയത്. 11 ദിവസം പൊലീസ് ക്രൂരമർദ്ദനത്തിന് വിധേയരാക്കിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പിടിക്കപ്പെട്ടവർ കോടതിയിൽ അന്ന് മൊഴി നൽകി.

തീരദേശ മേഖലയിൽ തീവ്രവാദ സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി.ഐ.ജി സെൻകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ക്രൈംബ്രാഞ്ച് സ്‌പെഷൽ ടീം കേസന്വേഷണം ഏറ്റെടുത്തതോടെ കേസ് വഴിത്തിരിവിലായി. തീരദേശത്ത് നടന്ന വാടാനപ്പിള്ളി രാജീവ്, മതിലകം സന്തോഷ് വധക്കേസുകളുടെ അന്വേഷണത്തിനിടയിലാണ് ജം ഇയ്യത്തുൽ ഇസാനിയ എന്ന മതതീവ്രവാദ സംഘടനയിൽപ്പെട്ടവരാണ് സുനിൽ കൊലപാതകവും നടത്തിയതെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യമായി. ഹൈക്കോടതിയിൽ നൽകിയ അപ്പീലിനെ തുടർന്ന് ഇവരെ വെറുതെ വിട്ടു. തുടർന്ന് സുനിൽ വധക്കേസ് വീണ്ടും അന്വേഷിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മാറി മാറി വന്ന സർക്കാരുകൾ നിസംഗത പുലർത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കേസിലെ പ്രതികളാക്കപ്പെട്ടവർ സങ്കടം പറഞ്ഞതോടെ അന്വേഷണം ഊർജിതമാക്കി. സുനിലിനെ കൊലപ്പെടുത്തുന്നതിന് തലേദിവസം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സി.പി.എം അനുഭാവിയായിരുന്ന കണിമംഗലം ജോയിയെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം സി.പി.എം അക്രമം നടത്തിയെന്നായിരുന്നു പൊലീസ് നിഗമനം.