തൃശൂർ : ഭരണകൂടമെന്നത് തിരഞ്ഞടുക്കപ്പെട്ട സർക്കാർ സംവിധാനമാണെന്നും അതു പരാജയപ്പെടാമെന്നും എന്നാൽ രാഷ്ട്രം പരാജയപ്പെടരുതെന്നും രാജിവെച്ച ഐ.എ.എസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ പറഞ്ഞു. കാശ്മീരിൽ 370ാം വകുപ്പും ജനാധിപത്യവും പുനസ്ഥാപിക്കുക, ആസാം പൗരത്വബിൽ റദ്ദാക്കുക, ഇന്ത്യ ജനാധിപത്യ രാജ്യമാണ് രാമരാജ്യമല്ല തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജനാധിപത്യ കൂട്ടായ്മ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ജനാധിപത്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കാശ്മീരിലും അസാമിലും നടക്കുന്ന സംഭവങ്ങൾ നാളെ തമിഴ്‌നാട്ടിലും കേരളത്തിലും സംഭവിക്കാമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത തമിഴ് നാട്ടിലെ മനുഷ്യാവകാശ പ്രവർത്തകൻ അ മാർക്‌സ് പറഞ്ഞു. രൂപ്ചന്ദ് മഖ്‌നോത്ര, സാറാ ജോസഫ്, സജ്ജൻ കുമാർ (ഹരിയാന), ബാബു എം. പാലിശ്ശേരി, വി.ടി. ബൽറാം എം.എൽ.എ, രാജാജി മാത്യു തോമസ്, ടി.കെ. വാസു, എൻ.പി. ചേക്കുട്ടി, കെ.എസ്. ഹരിഹരൻ, കെ.എം. സലിംകുമാർ, സി. രാവുണ്ണി എന്നിവർ സംസാരിച്ചു.