കൊടുങ്ങല്ല്ലൂർ: ടൂറിസം വകുപ്പ് സംഘടിപ്പിച്ച കോട്ടപ്പുറം ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിശ്ചയിച്ചിരുന്ന സംഗീതാർച്ചന അവസാന നിമിഷം ഒഴിവാക്കി, സംഗീത വിദ്യാർത്ഥികളെ അവഹേളിച്ചെന്ന് ആക്ഷേപം. നഗരത്തിലെ സംഗീത വിദ്യാലയമായ സോപാനം ശാസ്ത്രീയ സംഗീത വിദ്യാലയത്തോടാണ് ഈ നീതികേടുണ്ടായത്. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത് പ്രകാരമാണ് സോപാനം ഉണ്ണിക്കൃഷ്ണൻ മാസ്റ്ററും സംഗീത വിദ്യാലയത്തിലെ പഠിതാക്കളും കോട്ടപ്പുറത്തെത്തിയത്. ഉദ്ഘാടന ചടങ്ങിൽ സോപാനം സംഗീത വിദ്യാലയത്തിന്റെ സംഗീതാർച്ചന ഏർപ്പാടാക്കിയിരുന്നു. പത്ത് മിനിട്ട് സമയം ഇതിനായി അനുവദിച്ച് ധാരണയായെന്നും ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ വ്യക്തമാക്കി. ഇത് പ്രകാരം വേണ്ടത്ര മുന്നൊരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെത്തിയ സംഗീത വിദ്യാർത്ഥികൾ ഉൾപ്പെടെ തിരിച്ചയക്കുകയായിരുന്നു.