തൃശൂർ: വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി വിലങ്ങ് അഴിച്ച തക്കത്തിന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ കൂട്ടുപ്രതിയുമായി പൊലീസുകാരനും ഓടി. രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ പ്രതി ഓടിയെത്തിയത് കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ. കൈയോടെ പൊലീസുകാരൻ പ്രതിയെ പിടികൂടി. പ്രതികളുടെയും പൊലീസിന്റെയും ഓട്ടം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. അടിപിടി കേസിലെ പ്രതിയായ വരടിയം സ്വദേശി ലിയോയാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. അടിപിടി കേസിൽ കൂട്ടുപ്രതിയായ ലിജോയുമൊത്ത് കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് കുന്നംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. കൈയിലെ വിലങ്ങ് പൊലീസ് അഴിച്ചു. ഈ തക്കത്തിന് ലിയോ ഇറങ്ങി ഓടി. പിന്നാലെ കൂട്ടുപ്രതിയായ ലിജോയുമായി കൈവിലങ്ങോടെ പൊലീസുകാരനും ഓടി. പേരാമംഗലം പൊലീസ് ആണ് അടിപിടി കേസിൽ ലിയോയെയും ലിജോയെയും പിടികൂടിയത്. പ്രതി രക്ഷപ്പെട്ടിരുന്നെങ്കിൽ അകമ്പടി പൊലീസുകാർക്ക് സസ്‌പെൻഷൻ കിട്ടുമായിരുന്നു. കൈയോടെ പ്രതിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പൊലീസ്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.