തൃശൂർ: പരമഗുരുവും പരമദൈവവുമായ ശ്രീനാരായണ ഗുരുദേവനെ ആരാധനാമൂർത്തിയായി ഉപാസിക്കാതെ ശ്രീനാരായണീയർ മറ്റ് ദേവാലയങ്ങളിലെ ദൈവത്തെ തേടിപ്പോകരുതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് തൃശൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഏകദിന പഠനശിബിരത്തിൽ ഗുരുദേവധർമ്മ പ്രചരണത്തിന് യുവശക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെ ആദരിക്കാനും പഠിക്കാനും പഠിപ്പിക്കാനും വേണ്ട അറിവ് ഇനിയും നേടേണ്ടതുണ്ട്. ഇത്തരം പഠനശിബിരങ്ങളിൽ മക്കളെയും കൊച്ചുമക്കളെയും എത്തിച്ച് അടുത്ത തലമുറയെ ഉയർച്ചയിലെത്തിക്കണം. പക്ഷേ, പലരും മറ്റ് ക്ഷേത്രങ്ങളിലേക്കാണ് കുടുംബസമേതം പോകുന്നത്. വാക്കുകൊണ്ടും മനസുകൊണ്ടും ഗുരുദേവനിൽ അർപ്പിച്ച് മറ്റൊരു ഈശ്വരനില്ലെന്ന് തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. ഗുരുദർശനങ്ങൾ അദ്ധ്യയനം ചെയ്തും അത് സംസ്കാരമാക്കിയും ആചരിച്ചും പ്രചരിച്ചും ജീവിക്കുക എന്നത് ജീവിതദർശനമാക്കണം. ഗുരുധർമ്മം എന്തെന്ന് അറിഞ്ഞാൽ മാത്രമേ അത് പ്രചരിപ്പിക്കാനാവൂ. ഗുരുവിൻ്റേതായ ചിട്ടയായ പ്രാർത്ഥനാക്രമവും പാലിക്കണം. സൂര്യോദയത്തിന് മുമ്പേ ഉണരുന്നത് മുതൽ നല്ല ആചാരങ്ങളും നിഷ്ഠകളും ജീവിതത്തിൽ ഉണ്ടായെങ്കിൽ മാത്രമേ തെളിഞ്ഞ ബുദ്ധി ഉണ്ടാകുകയുളളൂ. എല്ലാ അറിവുകളും ഗുരുദേവൻ്റെ കൃതികളിലുണ്ട്. ആയിരം വർഷം കഴിഞ്ഞാലേ ചിലപ്പോൾ ഗുരുദേവനെപ്പോലെ ഒരു മഹാപുരുഷൻ ഇനി നമുക്ക് ലഭിക്കൂവെന്ന് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശിബിരത്തിന്റെ ഉദ്ഘാടനം യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എൻ.വി രഞ്ജിത്ത് അദ്ധ്യക്ഷനായി. തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി പ്രസന്നൻ ഭദ്രദീപം തെളിച്ചു. യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ സംഘടനാ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ രഞ്ജു, വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, എസ്.എൻ.ബി.പി യോഗം സെക്രട്ടറി പി.കെ ബാബു, കൂർക്കഞ്ചേരി എസ്.എൻ ട്രസ്റ്റ് പ്രസിഡന്റ് എം.കെ സൂര്യപ്രകാശ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി.
ഉച്ചയ്ക്ക് ശേഷം കുടുംബഭദ്രത എന്ന വിഷയത്തിൽ പായിപ്ര ദമനൻ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ.എ മനോജ് കുമാർ സ്വാഗതവും സൈബർസേന ചെയർമാൻ കെ.വി രാജേഷ് നന്ദിയും പറഞ്ഞു. യോഗം ഡയറക്ടർമാരായ കെ.വി. വിജയൻ, മോഹൻ കുന്നത്ത്, സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ ജിതിൻ സദാനന്ദൻ, യൂണിയൻ കൗൺസിലർ കെ.ആർ. ഉണ്ണിക്കൃഷ്ണൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി കെ.കെ സതീഷ്, വൈസ് പ്രസിഡന്റ് പി.എസ് സന്ദീപ്, മേഖല കൺവീനർമാരായ എം.എസ് ജിതിൻ, എം.ഡി മുകേഷ്, കെ.എ മോഹനൻ എന്നിവർ ആശംസകൾ നേർന്നു. യൂത്ത് മൂവ്‌മെന്റ് കൗൺസിലർമാരായ പി.എൻ അഭിലാഷ്, വിഷ്ണു പുറനാട്ടുകര, രാഹുൽരാജ്, പ്രവീൺ പെരുന്തുറ, കെ.എസ്. സുജിത്ത്, കൃഷ്ണനുണ്ണി, സുധീർ നെല്ലങ്കര, പ്രമീഷ് കെ. പ്രേമരാജ്, കെ.വി ജിനേഷ്, പി.ബി അനൂപ്കുമാർ, യൂണിയൻ കൗൺസിലർമാരായ ഗംഗാധരൻ കുറ്റുമുക്ക്, കെ.കെ ഭഗീരഥൻ, കെ.ആർ മോഹനൻ, പത്മിനി ഷാജി, പി.വി വിശ്വേശ്വരൻ, എൻ.വി മോഹൻദാസ് എന്നിവർ അടക്കം നൂറുകണക്കിന് പേർ ശിബിരത്തിൽ പങ്കെടുത്തു. പാർവതി സുനിൽകുമാർ പ്രാർത്ഥനാഗീതം ആലപിച്ചു.