തൃശൂർ: കാൽ നൂറ്റാണ്ടിന്റെ പഴക്കം മാത്രമല്ല, ഗുരുവായൂരിലെ സമ്പന്നൻ്റെ മകനുമായുണ്ടായ തർക്കത്തിൽ തീവ്രവാദസംഘത്തിന് ക്വട്ടേഷൻ നൽകിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന കണ്ടെത്തലും കേസിലെ രേഖകൾ അപ്രത്യക്ഷമായതുമെല്ലാം തൊഴിയൂർ സുനിൽ വധക്കേസിനെ അപൂർവമാക്കുന്നു.
വർഗീയ കൊലപാതകമെന്നും വിശേഷിപ്പിക്കപ്പെട്ട കേസ്, ആറ് വർഷം മുമ്പ് രേഖകൾ സ്റ്റേഷനിൽ കാണാനില്ലെന്ന ആക്ഷേപം ശക്തമായതോടെ വീണ്ടും ചർച്ചയായി. സ്റ്റേഷനിൽ സൂക്ഷിക്കേണ്ട സി.ഡി. ഫയലും വിധി പകർപ്പുകളും അപ്രത്യക്ഷമായെന്നായിരുന്നു പരാതി. തുടർന്ന് പുനരന്വേഷണം ഉടൻ നടത്തി യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി. നിവേദനത്തിന് മറുപടിയായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറിയാണ് രേഖകൾ കാണാതായ വിവരം അറിയിച്ചത്. സിറ്റി സ്‌പെഷൽ ബ്രാഞ്ച് പൊലീസ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ രേഖകൾ ഗുരുവായൂർ സ്റ്റേഷനിൽ നിന്നും കണ്ടെത്താനായില്ലെന്ന് അറിയിച്ചെന്ന് അണ്ടർ സെക്രട്ടറി വ്യക്തമാക്കി. പ്രതികളല്ലാത്തവരുടെ പേരിൽ കള്ളക്കേസ് ചുമത്തിയവർ യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനായി ശ്രമിച്ചുവെന്ന ആരോപണവും ശക്തമായി.
നേരിലേക്കുള്ള നാൾവഴി ഇങ്ങനെ
കൊലപാതകത്തിന് പിന്നിൽ വലിയ സംഘം തന്നെയെന്ന് ക്രൈംബ്രാഞ്ചിന് സംശയം
ജം ഇയ്യത്തുൾ ഇസ്ഹാനിയ സംഘടനയുടെ തലവൻ സെയ്തലവിയുടെ നേതൃത്വത്തെക്കുറിച്ച് സൂചന
എട്ട് പ്രതികളുണ്ടെന്ന് തിരിച്ചറിയുന്നു
മലപ്പുറം, തൃശൂർ ജില്ലകളിലെ പ്രതികളുടെ താവളമെന്ന് കണ്ടെത്തുന്നു
കേസിൽ ഒരാൾ മരിച്ചെന്നും ചിലർ വിദേശത്തേക്ക് കടന്നെന്നും വിവരം
പിന്നാലെ കേസിലെ സാക്ഷികളെ വീണ്ടും ചോദ്യം ചെയ്തും രേഖകളും സാക്ഷിമൊഴികളും രേഖപ്പെടുത്തിയും ശാസ്ത്രീയ അന്വേഷണം
വഴിത്തിരിവ്
കണ്ണൂർ ജയിലിൽ കഴിയുന്ന പ്രതികൾ ശിക്ഷ അനുഭവിക്കുന്നതിനിടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൻ്റെ അന്വേഷണത്തിൽ സുനിൽ വധത്തിൽ തീവ്രവാദ സംഘടനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുന്നു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ സ്ക്വാഡ് ഹൈക്കോടതിക്ക് കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. റിപ്പോർട്ട് പരിശോധിച്ച കോടതി സുനിൽ വധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസ് എന്നിവരെ കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകർ, ശങ്കരനാരായണൻ എന്നിവർ അടങ്ങിയ ബെഞ്ച് എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാൻ ഉത്തരവിട്ടു.
കൂടുതൽ പ്രതികൾ വലയിൽ
കേസിൽ നാട്ടിലുള്ള പ്രതികൾ പൊലീസിന്റെ വലയിലായെന്നാണ് സൂചന. വിദേശത്തുള്ളവരെ പിടികൂടാൻ എളുപ്പമാവില്ല. തീരദേശത്ത് നടന്ന വധക്കേസുകൾ അന്വേഷിച്ചപ്പോൾ തീവ്രവാദി ബന്ധമുള്ള ഒരു എൻ.ഡി.എഫ് പ്രവർത്തകനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ജം ഇയത്തുൽ സംഘടനയിലെ അംഗങ്ങളെപ്പറ്റി വിവരം കിട്ടിയത്. 1994 ഡിസംബർ നാല് പുലർച്ചെ രണ്ടു മണിക്കായിരുന്നു കൊലപാതകം. സുനിലിന്റെ വീട് കാണിച്ചുകൊടുക്കുകയും അക്രമത്തിൽ പങ്കെടുക്കുകയും ചെയ്തത് പിടിയിലായ മൊയ്‌നുദീനായിരുന്നു...