മാളയ്ക്കടുത്ത് പുത്തൻചിറയുടെ തെരുവോരങ്ങളിലൂടെ കുടിൽ മുതൽ കൊട്ടാരം വരെ വിശുദ്ധിയുടെ പരിമളം പരത്തി കടന്നുപോയ വിശുദ്ധ മറിയം ത്രേസ്യ ഇനി ലോകത്തിന് വെളിച്ചമാണ്. ലോക ബഹുമാനം ആവശ്യമില്ലെന്നും പരലോക ബഹുമാനം കിട്ടണമെന്നും മറിയം ത്രേസ്യ ആഗ്രഹിച്ചിരുന്നു.
ഇപ്പോൾ ലഭിച്ച വിശുദ്ധ പദവി പരലോക ബഹുമാനത്തിന്റെ അടയാളമാണ്. കേരളസഭ ആഗോള സഭയ്ക്ക് സമ്മാനിച്ച നാലാമത്തെ വിശുദ്ധ, ഭാരത സഭയ്ക്ക് അഭിമാനമാണ്. യേശുവുമായുള്ള ആത്മീയ സംയോഗത്താൽ ലഭിച്ച പഞ്ചക്ഷതങ്ങൾ മറ്റുള്ളവരുടെ മുറിവുകളെ ശുശ്രൂഷിക്കാൻ അവർക്ക് ശക്തി പകർന്നു. ഒന്നാംലോക മഹായുദ്ധം ഏൽപ്പിച്ച കെടുതികൾ, ദാരിദ്ര്യം, രോഗം, അനാഥത്വം, ലഹരി ഉപയോഗം എന്നിവയാൽ നാട് തകർന്നു കിടന്ന കാലത്താണ് ആത്മീയ ദർശനത്തിന്റെ അടിസ്ഥാനത്തിൽ മറിയം ത്രേസ്യയുടെ കുടുംബ ശുശ്രൂഷ നടത്തിയത്.
സ്ത്രീകൾ വീടിന്റെ അകത്തളങ്ങളിൽ നിന്ന് പുറത്തു കടന്നുകൂടാതിരുന്ന കാലത്താണ് വീരോചിതമായി കുടുംബ പ്രേഷിത ദൗത്യം ഏറ്റെടുത്തത്. അപരന്റെ കുരിശിന്റെ ഭാരം ഉളവാക്കുന്ന അസഹ്യ വേദന മനസിലാക്കി ശിമയോനെപ്പോലെ അതൊന്ന് ചുമക്കാൻ, വെറോനിക്കയെ പോലെ അതൊന്ന് ഒപ്പിയെടുക്കാൻ, ത്രേസ്യ സ്നേഹത്തിന്റെ ഹൃദയത്തുടിപ്പും സേവനത്തിന്റെ ചിറകുകളും ജാഗ്രതയും പകർന്നു.
കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന ഈ കാലഘട്ടത്തിൽ കുടുംബ പ്രേഷിതത്വത്തിന് പ്രസക്തിയേറുമ്പോൾ വിശുദ്ധ മറിയം ത്രേസ്യ തെളിയിച്ച വഴിയിലൂടെ കടന്നുപോകാൻ പ്രാർത്ഥിക്കാം. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ ത്രേസ്യ കുടുംബങ്ങളുടെ മാലാഖയാണ്. തന്റെ ഗ്രാമമായ പുത്തൻചിറയിൽ ജാതി - മത ഭേദമന്യേ മുഴുവൻ കുടുംബങ്ങളെയും ഉദ്ധരിക്കേണ്ടത് കടമയാണെന്ന് ത്രേസ്യ തിരിച്ചറിഞ്ഞു. ആത്മീയ പിതാവായ ധന്യൻ ജോസഫ് വിതയത്തിലച്ചൻ മറിയം ത്രേസ്യയെ പ്രോത്സാഹിപ്പിച്ചു. പന്ത്രണ്ടാം വയസിൽ തന്റെ എല്ലാമായിരുന്ന അമ്മ താണ്ടയുടെ വേർപാട് ത്രേസ്യയെ വല്ലാതെ വേദനിപ്പിച്ചു. വീട്ടിൽ നിന്ന് മാറി ആശ്രമജീവിതം കൊതിച്ച ത്രേസ്യക്കായി പുത്തൻചിറയിൽ 1913 ൽ ഏകാന്തഭവനം നിർമ്മിച്ചു. ഹോളി ഫാമിലി സന്യാസിനി സമൂഹം രൂപം കൊള്ളുന്നതിന്റെ പ്രധാന അടിത്തറ ഇതായിരുന്നു.
ത്രേസ്യയുടെ സന്തത സഹചാരികളായിരുന്ന മൂന്ന് കൂട്ടുകാരികളോടൊപ്പമാണ് കുടുംബ പ്രേഷിത ശൈലി തുടർന്നത്. 1914 മേയ് 14 നാണ് ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ ഭവനം പ്രവർത്തനമാരംഭിച്ചത്. ക്രൈസ്തവ ജീവിതത്തിന്റെ സ്രോതസായ കൂദാശാ സ്വീകരണത്തിന് മാനവ മക്കളെ ഒരുക്കിയെടുത്ത് ദിവ്യകാരുണ്യ ഭക്തിയിലേക്കും അനുരഞ്ജനത്തിന്റെ ആനന്ദത്തിലേക്കും ആനയിക്കാൻ രാപകലില്ലാതെ പ്രാർത്ഥനയിലും തപസിലും മുഴുകി കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് വിശുദ്ധ മറിയം ത്രേസ്യ. 1926 ജൂൺ എട്ടിന് അമ്പതാം വയസിലാണ് മറിയം ത്രേസ്യ സ്വർഗം പൂകിയത്. കാലങ്ങളെ വിശുദ്ധീകരിച്ച് കാലത്തിന്റെ പൂർണതയിൽ കുടുംബങ്ങളെ നവീകരിക്കാൻ പുത്തൻചിറയിൽ നിന്നുള്ള കന്യകയായ ഗ്രാമീണ പെൺകുട്ടിയെ ദൈവം തിരഞ്ഞെടുത്തത് ഒരു നിയോഗമാണ്.
തയ്യാറാക്കിയത് : ഇ.പി. രാജീവ്