മാള: സ്ത്രീകൾക്ക് സമൂഹത്തിൽ കൽപ്പിച്ചിരുന്ന വിലക്കുകളെ അതിജീവിച്ച കുടുംബങ്ങളുടെ മദ്ധ്യസ്ഥയായ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം കുഴിക്കാട്ടുശേരി ഗ്രാമത്തെ ആനന്ദ നിർവൃതിയിലാക്കി.
വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകൾ വത്തിക്കാനിൽ നടന്നപ്പോൾ കുഴിക്കാട്ടുശേരി മറിയം ത്രേസ്യാ ദേവാലയത്തിൽ നിരവധി ചടങ്ങുകൾ സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് രാവിലെ മുതൽ ഇവിടെ എത്തിയത്.
വിശുദ്ധ മറിയം ത്രേസ്യയുടെ ശിരസിൽ കിരീടം ചാർത്തിയ ചടങ്ങ് ഭക്തിനിർഭരമായി. രാവിലെ അപ്പോസ്‌തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് പാനികുളം, ഹൊസൂർ രൂപത അദ്ധ്യക്ഷൻ മാർ സെബാസ്‌റ്റ്യൻ പൊഴേലിപ്പറമ്പിൽ, ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഡോ. ലാസർ കുറ്റിക്കാടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് സ്തോത്ര ഗീതം ആലപിച്ച ശേഷം വിശുദ്ധ പദവിയുടെ പ്രതീകമായ കിരീടം വിശുദ്ധയുടെ രൂപത്തിന്റെ ശിരസിൽ അണിയിച്ചു. തുടർന്ന് വിശുദ്ധയുടെ രൂപവുമായി ദേവാലയം ചുറ്റി പ്രദക്ഷിണം നടന്നു. പിന്നീട് നടന്ന ഊട്ടുനേർച്ചയിലും ചടങ്ങുകളിലും ആയിരങ്ങൾ പങ്കെടുത്തു.
മാതൃ ഇടവകയായ പുത്തൻചിറ ഫൊറോന പള്ളിയിൽ വിശുദ്ധയുടെ തിരുസ്വരൂപത്തിൽ കിരീടം ചാർത്തി ജന്മഗൃഹത്തിലേക്ക് പ്രദക്ഷിണം നടത്തി. തുർന്ന് ഇടവക വിശുദ്ധ ബലി അർപ്പിച്ചു. ഇടവക അതിർത്തികളിലൂടെ ഇരുചക്ര വാഹന ഘോഷയാത്ര ആരംഭിച്ച് കബറിട ദേവാലയമായ കുഴിക്കാട്ടുശേരിയിൽ പോയി തിരിച്ചെത്തി. അടുത്ത മാസം 16 ന് കുഴിക്കാട്ടുശേരി ദേവാലയത്തിൽ നടക്കുന്ന കൃതജ്ഞതാ ബലിയിൽ മുഖ്യമന്ത്രി, കേന്ദ്ര - സംസ്ഥാന മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.