തൃശൂർ: തലപ്പള്ളി താലൂക്കിലെ വേലൂർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പുഴുവരിച്ച ഗോതമ്പ് കളക്ടറും സംഘവും പരിശോധിച്ചു. ഇന്ന് ഗോതമ്പ് സാമ്പിൾ പരിശോധനയും തുടർ നടപടികളും സ്വീകരിക്കും. കളക്ടറുടെ പ്രതിനിധിയായി തഹിസിൽദാർ, ജില്ലാ സപ്ലൈ ഓഫീസർ, എഫ്.സി.ഐ പ്രതിനിധി, സപ്ലൈകോ ക്വാളിറ്റി കൺട്രോളർ, ഗോഡൗൺ ക്വാളിറ്റി കൺട്രോളർ എന്നിവരാണ് ഇന്ന് രാവിലെ ഒമ്പതിന് വേലൂർ ഗോഡൗണിൽ തുടർ പരിശോധനയും കൂടിക്കാഴ്ചയും നടത്തുക.
ഇന്നലെ രാവിലെ ഒമ്പതിനാണ് കളക്ടർ എസ്. ഷാനവാസ് വേലൂർ ഗോഡൗണിൽ എത്തിയത്. പുഴുവരിച്ച ഗോതമ്പ് കണ്ട് ഇത് വിതരണയോഗ്യമാണോ എന്ന് അദ്ദേഹം ചോദിച്ചത്. ഗോതമ്പ് പുതിയതാണെന്ന വാദം നിരത്താൻ ശ്രമിച്ച ഉദ്യോഗസ്ഥരെ മറുചോദ്യം കൊണ്ട് അദ്ദേഹം കുഴക്കി. പുതിയതാണങ്കിൽ തൃശൂരിലെ ഗോഡൗണിൽ നിന്നും വേലൂരിലേക്ക് എന്തിന് എത്തിച്ചെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉദ്യോഗസ്ഥർ വട്ടം കറങ്ങി.
പുതിയ റിലീസിംഗ് ഓർഡർ ഇറക്കാതെ തൃശൂർ കുരിയച്ചിറ ഗോഡൗണിൽ നിന്നും വേലൂരിലേക്ക് എങ്ങനെ ലോഡ് അയക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. കളക്ടർക്കൊപ്പം ജില്ലാ സപ്ലൈ ഓഫീസർ എം.വി. ശിവകാമി അമ്മാൾ, താലൂക്ക് സപ്ലൈ ഓഫീസർ ജോസി ജോസഫ്, ഡിപ്പോ മാനേജർ ശോഭ വർഗീസ്, അമൃതവാഹിനി തുടങ്ങിയവരും ഉണ്ടായിരുന്നു.
കുഴക്കുന്ന ചോദ്യവുമായി കളക്ടർ
ഈ ഗോതമ്പ് വിതരണയോഗ്യമാണോ ? പുതിയതാണെങ്കിൽ തൃശൂരിൽ നിന്നും വേലൂരിലേക്ക് എങ്ങനെ ഇറക്കാനാകും? പുതിയ റിലീസിംഗ് ഓർഡർ ഇറക്കാതെ തൃശൂർ കുരിയച്ചിറ ഗോഡൗണിൽ നിന്നും വേലൂരിലേക്ക് എങ്ങനെ ലോഡ് അയക്കാനാകും?
- എസ്. ഷാനവാസ്, കളക്ടർ