mariyam-thresia

വത്തിക്കാൻ സിറ്റി: സഹനജീവിതത്തിന്റെ അമ്മയായി അറിയപ്പെടുന്ന തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥനാഭരിതമായ ചടങ്ങിൽ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ പുത്തൻചിറ സ്വദേശിയായ പുണ്യവതി മറിയം ത്രേസ്യ ആഗോള കത്തോലിക്കാസഭയുടെ ദേവാലയങ്ങളിൽ അൾത്താര വണക്കത്തിനു യോഗ്യയായി.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ലോകമെമ്പാടും നിന്ന് എത്തിയ ആത്മീയാചാര്യന്മാരും, ഭരണാധികാരികളും, സന്യസ്തരും,മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങിന് സാക്ഷികളായി. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന് ആരംഭിച്ച ചടങ്ങിൽ കർദിനാൾ ജോൺ ഹെൻ‌റി ന്യൂമാൻ, ഡോട്ടേഴ്‌സ് ഒഫ് സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ ജിയൂസിപ്പീന വനീനി, മിഷണറി സിസ്റ്റേഴ്‌സ് ഒഫ് ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ഒഫ് മദർ ഒഫ് ഗോഡ് സന്യാസിനീ സമൂഹ സ്ഥാപക ഡൽസ് ലോപ്പസ് പോന്തേസ്, ഫ്രാൻസിസ്‌കൻ മൂന്നാം സഭാംഗമായ മർഗരീത്ത ബേയ്‌സ എന്നിവരെയും മാർപാപ്പ വിശുദ്ധരായി ഉയർത്തി.

കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയർന്നു. അൽഫോൻസാമ്മയാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധ. അഗതികളുടെ അമ്മയായ മദർ തെരേസയും ജീവിത വിശുദ്ധി കൊണ്ട് ലോകത്തിനു സുഗന്ധമായ ചാവറയച്ചനും എവുപ്രാസ്യമ്മയുമാണ് മറ്റുള്ളവർ.

അഞ്ച് പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തി. തുടർന്ന് ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മദ്ധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വച്ചു. ഈ തിരുശേഷിപ്പ് മാർപാപ്പ പരസ്യമായി വണങ്ങിയതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളിൽ മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ച് വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരമായി.