ആമ്പല്ലൂർ: വൈദ്യുതി ബോർഡ് നിഷ്‌കർഷിക്കാത്ത മാനദണ്ഡം വേണമെന്ന് പുതുക്കാട് സെക്‌ഷനിൽ അധികൃതർ വാശി പിടിക്കുന്നതായി കർഷകർ. കാർഷിക വൈദ്യുതി കണക്‌ഷന്റെ ഉടമസ്ഥാവകാശം മാറ്റാൻ പുതുതായി വയറിംഗ് നടത്തണമെന്നും ലൈസൻസുള്ള ഇലക്ട്രീഷ്യന്റെ സർട്ടിഫിക്കറ്റ് വേണമെന്നുമാണ് നിർബന്ധം. വൈദ്യുതി ബോർഡ് വെബ് സൈറ്റിൽ ഇതൊന്നും ആവശ്യപ്പെടുന്നില്ലന്ന് ശ്രദ്ധയിൽപ്പെടുത്തിയ കർഷകനെതിരെ പകപോക്കൽ നടത്തിയതായും പരാതി ഉയർന്നു.

ബോർഡ് നൽകുന്ന വിവിധ സേവനങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി സുതാര്യമായും ഉപഭോക്തൃ സൗഹൃദമായും നടപ്പാക്കുന്ന സാഹചര്യത്തിൽ ഇലക്ട്രീഷ്യൻ സർട്ടിഫിക്കറ്റ് വേണമെന്ന് ശഠിക്കുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിവിധ അപേക്ഷകളുടെ നടപടിക്രമങ്ങളെ കുറിച്ചു ഓഫീസിൽ അന്വേഷിക്കുമ്പോൾ ഇലക്ട്രീഷ്യൻ മുഖേന അപേക്ഷിക്കണമെന്ന അനാവശ്യമായ സമീപനം ആണ് ജീവനക്കാർ സ്വീകരിക്കുന്നതത്രെ.

ഇലക്ട്രീഷ്യന്റെ സർട്ടിഫിക്കറ്റ് ആവശ്യം ഇല്ലാത്ത സേവനങ്ങൾക്ക് പോലും വേണമെന്ന് വാശി പിടിക്കുന്നത് ഉപഭോക്താക്കളുടെ പണവും സമയവും നഷ്ടപെടുത്തുന്നു. പുതുക്കാട് സെക്‌ഷനിൽ മാത്രം കാർഷിക കണക്‌ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 150 ഓളം പേർ അപേക്ഷ നൽകിയിട്ടുണ്ട്. ജീവനക്കാരുടെ പിടിവാശി മൂലം ഓരോ അപേക്ഷകനും 5000 രൂപയോളം ചെലവ് ചെയ്യേണ്ട അവസ്ഥയാണ്.

കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി ചാർജ്ജ് സൗജന്യമായതിനാൽ കൃഷിഭവനുകളിൽ അപേക്ഷ നൽകാനാണ് ഉപയോക്താക്കൾ എത്തുന്നത്. കൈമാറി കിട്ടിയതും മരിച്ചവരുടെയും പേരുകളിലുള്ള വൈദ്യുതി കണക്‌ഷൻ കൃഷിഭൂമിയുടെ ഉടമസ്ഥന്റെ പേരിലാക്കാനാണ് കർഷകർ അപേക്ഷകളുമായി എത്തുന്നത്.

ആറ് തവണ നിരസിച്ചു, ഉന്നത ഇടപെടലിൽ സ്വീകരിച്ചു

ഇലക്ട്രീഷ്യൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ ബോർഡ് നിഷ്‌കർഷിക്കുന്ന എല്ലാ രേഖകളും ഉൾക്കൊള്ളുന്ന ഷിനോഷ് എന്ന കർഷകന്റെ അപേക്ഷ ഓരോ കാരണങ്ങൾ പറഞ്ഞ് ആറ് തവണ നിരസിച്ചു. ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്നാണ് എഴാം തവണ അപേക്ഷ സ്വീകരിക്കാൻ അധികൃതർ തയ്യാറായത്.

അധികച്ചെലവും അധികനഷ്ടവും

കാർഷിക വൈദ്യുതി കണക്‌ഷൻ സ്വന്തം പേരിലാക്കാൻ എത്തുന്നവരോട് ചൂഷണം

ബോർഡ് നിഷ്കർഷിക്കാത്ത മാനദണ്ഡങ്ങൾ നിർബന്ധമെന്ന ഉദ്യോഗസ്ഥർക്ക് വാശി

പുതിയ വയറിംഗ്, ഇലക്ട്രീഷ്യന്റെ സർട്ടിഫിക്കറ്റ് എന്നിവയ്ക്കായാണ് അനാവശ്യ വാശി

പുതുക്കാട് മാത്രം കാർഷിക കണക്‌ഷൻ ഉടമസ്ഥാവകാശ മാറ്റത്തിനായി 150 ഓളം പേർ

ജീവനക്കാരുടെ പിടിവാശി മൂലം ഓരോ അപേക്ഷകനും 5000 രൂപയോളം അധികച്ചെലവ്