ചാലക്കുടി: പതിനായിരങ്ങൾ അമ്മയുടെ തിരുസന്നിധിയിലെത്തി സായൂജ്യമടഞ്ഞു, ആയിരക്കണക്കിന് വിശ്വാസികൾ പൂവൻകുല വഴിപാടുകൾ സമർപ്പിച്ചു, തെളിഞ്ഞ അന്തരീക്ഷത്തിൽ കൊരട്ടി മുത്തിയുടെ തിരുനാൾ ഭക്തിസാന്ദ്രമായി. ശനിയാഴ്ച ഉച്ചതിരിഞ്ഞു മഴയുണ്ടാക്കിയ തടസം തിരുനാളിലേക്കുള്ള ജനങ്ങളുടെ വരവിനെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ അനുകൂലമായ കാലാവസ്ഥയിൽ പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ മുതൽ പള്ളിയിൽ കനത്ത തിരക്ക് അനുഭവപ്പെട്ടു.

പുലർച്ചെ മുത്തിയുടെ അത്ഭുത രൂപം എഴുന്നള്ളിച്ചു വച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. അഞ്ചിന് ആരംഭിച്ച സമൂഹബലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇതിനിടെ പൂവൻകായ വഴിപാടിനും ഭക്തർ തിങ്ങിക്കൂടി. തുടർന്ന് ഫാ. ലോറൻസ് തൈക്കാട്ടിൽ വിശുദ്ധകുർബാന നയിച്ചു. പിന്നീട് തമിഴിൽ വിശുദ്ധ കുർബ്ബാന നടന്നു. ഫാ. ആന്റണി പയ്യപ്പിള്ളി കാർമ്മികനായിരുന്നു. രാവിലെ 10.30ന് ആരംഭിച്ച ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് ഫാ. ജോസഫ് പൂവേലി കാർമ്മികത്വം വഹിച്ചു. ഫാ. വർഗീസ് തൊട്ടിയിൽ സന്ദേശം നൽകി.

തുടർന്ന് ഇംഗ്ലീഷ് കുർബ്ബാനയായിരുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് പൂവൻകുല വഴിപാട് അർപ്പിച്ചത്. നീണ്ട ക്യൂവിൽ നിന്ന ജനങ്ങൾ മുത്തിക്ക് പൂവൻകുല സർപ്പിച്ച ശേഷം രൂപപ്പുരയിലെ അത്ഭുത രൂപത്തിൽ ചുംബിച്ചും പ്രാർത്ഥനാ നിരതരായും മടങ്ങി. ജീവിത സൗഖ്യത്തിനായി ആയിരങ്ങൾ കൊരട്ടിമുത്തിയുടെ നടയിൽ മുട്ടിലിഴഞ്ഞു. കുഞ്ഞുങ്ങളെ മുതുകിലിരുത്തിയും നിരവധിയാളുകൾ പള്ളിയങ്കണത്തിലൂയടെ ഇഴഞ്ഞു നീങ്ങി. തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് നിരവധി വളണ്ടിയർമാരും ഉണ്ടായിരുന്നു. പാപമോചനത്തിന് മുത്തിക്ക് അടിമയിരിക്കുന്ന കൊരട്ടിപള്ളിയിലെ പ്രമാദ വഴിപാടിനും ഇക്കുറി നൂറുകണക്കിന് വിശ്വാസികളെത്തി. ക്ഷേത്രങ്ങളിൽ മാത്രമുള്ള തുലാഭാരം വഴിപാടിനും കനത്ത തിരിക്കായിരുന്നു.

കിട്ടാത്തതായി ഒന്നുമില്ല
കൊരട്ടിമുത്തിയുടെ തിരുനാളിനെത്തിയാൽ കിട്ടാത്തതായി ഒന്നുമില്ല, തിരുനാളിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഈ പഴമമൊഴിക്കും. ചാന്തും പൊട്ടും മുതൽ വേളാങ്കണ്ണികലം വരെ തിരുനാളിന് കൊരട്ടിയിലെ തെരുവുകളിൽ ലഭ്യമാണ്. അമ്മിക്കല്ലും ഉരലും ഉലക്കയുമെല്ലാം ഇവിടെ നിന്നും വാങ്ങാൻ ആളുകൾക്ക് ഉത്സാഹവുമാണ്.

തിരുനാളിന്റെ രണ്ടാഴ്ചക്കാലം പിന്നെ കൊരട്ടി തെരുവുകളിൽ വഴിവാണിഭക്കാരുടെ പിടിയിലാകും. ഇക്കുറിയും കരിമ്പ് കച്ചവടം പൊടിപൊടിച്ചു. കരിമ്പിൻതണ്ടുകൾ തോളിലേറ്റി കിലോ മീറ്ററുകളോളം താണ്ടുന്ന വിശ്വാസികളുടെ ദൃശ്യം ആദ്യകാലത്ത് പ്രകടമായിരുന്നു. നാടും നഗരവും വാട്ട്‌സ് ആപ്പിന്റെ പിടിയിൽ അമർന്നെങ്കിലും കൊരട്ടി തിരുനാളിന്റെ കച്ചവട സാമഗ്രികൾക്ക് ഇന്നും പ്രിയമാണ്.

പൊരിയും ഈന്തപ്പഴവുമാണ് തിരുനാളിനെത്തുന്നവരുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തു. മഹാപ്രളയം വരുത്തിയ വിനാശം കഴിഞ്ഞ തിരുനാൾ കച്ചവടത്തിന്റെ നട്ടെല്ലൊടിച്ചിരുന്നു. എന്നാൽ ഇക്കുറി അനുഭപ്പെടുന്ന തിക്കും തിരക്കും വഴിയോരക്കച്ചവടക്കാർക്കും ചാകരയായി.