ചാലക്കുടി: കനത്തമഴയും വെള്ളക്കെട്ടും മൂലം ഇന്നലെ നഗരം ദുരിതത്തിലായി. ഇടിമിന്നലിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഒരു മണിക്കൂറിൽ അധികനേരം കനത്തമഴ പെയ്തത്. തുലാവർഷം തകർത്തപ്പോൾ നഗത്തിലെ കനാലുകളും കാനകളും നിറഞ്ഞൊഴുകി താഴ്ന്ന ഭാഗത്തു പ്രവർത്തിക്കുന്ന കടകളിലെ വരാന്തയിലേക്ക് വെള്ളം കയറി.
കാനറി നഗർ, വെട്ടുകടവ് എന്നിവിടങ്ങളിൽ കനാൽ ചേരിയിൽ താമസിക്കുന്നവരുടെ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മുരിങ്ങൂർ ഡിവൈൻ അടിപ്പാത, ചാലക്കുടി റെയിൽവേ അടിപ്പാത എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനാൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. കൂടപ്പുഴ ആറാട്ടുകടവിൽ ഉയർന്ന പ്രദേശങ്ങളിൽ നിന്നും വൻതോതിൽ വെള്ളം പുഴയിലേക്ക് ഒഴുകിയെത്തി.
മഴയുടെ കൂടെ നിരവധി തവണ സംഭവിച്ച ഇടിമിന്നലിൽ നാടും നഗരവും വിറച്ചു. സബ് സ്‌റ്റേഷനിൽ നിന്നും നോർത്ത് ജംഗ്ഷനിലെ ഫീഡിലേക്കുള്ള കേബിൾ കത്തിപ്പോയതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി വിതരണവും തടസപ്പെട്ടു.