കൊടുങ്ങല്ലൂർ: രണ്ട് വർഷം മുമ്പ് ഓഖി തിരമാലകൾ തല്ലിത്തകർത്തപ്പോൾ തിരമാലകൾ ആദ്യം വിഴുങ്ങിയ എറിയാട് പഞ്ചായത്ത് ഒന്നാം വാർഡിലെ ചുള്ളിപ്പാടത്ത് ഹസീനയ്ക്ക് സ്വന്തം കിടപ്പാടമായി. ഓഖി ദുരന്തത്തിനിരയായി, പ്രായമായ മാതാപിതാക്കളും തന്റെ രണ്ട് കുഞ്ഞു മക്കളും അലറി വിളിച്ചപ്പോൾ പകച്ചുപോയ ഹസീനയുടെ അന്നത്തെ വിങ്ങി കരച്ചിൽ അന്ന് ഏവരുടെയും കണ്ണ് നനയിച്ചിരുന്നു.

സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ നൽകിയപ്പോൾ മണ്ഡലത്തിൽ ആദ്യം പരിഗണിച്ചത് ഈ കുടുംബത്തെ ആയിരുന്നു. ഇവർക്കായി നിർമ്മിച്ച വീടിന്റെ നിർമ്മാണം ഇന്നലെ പൂർത്തിയായി. വീട് പാർക്കലിന് എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ബന്ധുക്കളും വേണ്ടപ്പെട്ടവരുമൊക്കെ എത്തിയപ്പോഴും ഹസീന വീണ്ടും കരഞ്ഞു. ഇനി എന്തിനാ കരയുന്നേ എന്നുള്ള ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എയുടെ ചോദ്യത്തോട് ഹസീന തന്റെ മക്കളെ ചേർത്ത് പിടിച്ച് പ്രതികരിച്ചത് ഇത് ആനന്ദ കണ്ണീരാണ് മാഷേ എന്നാണ്....