തൃപ്രയാർ: തൃപ്രയാർ നാടകവിരുന്നിന് പ്രിയദർശിനി ഹാളിൽ പ്രൗഢഗംഭീരമായ തുടക്കം. പത്ത് ദിവസം നീണ്ടുനിൽക്കുന്ന നാടകവിരുന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക രംഗത്തെ ഇന്ന് പിറകിൽ നിന്ന് നിയന്ത്രിക്കുന്ന ചില ശക്തികൾ നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
രാജ്യസ്നേഹികൾ രാജ്യദ്രോഹികളായി മാറുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നതെന്നും ഭീഷണികളുണ്ടായിട്ടും പഴയകാലത്ത് നാടകങ്ങൾ അരങ്ങേറിയതായും മന്ത്രി പറഞ്ഞു. യോഗത്തിൽ കെ.വി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി ശ്രീദേവി, ഡോ. എം.ആർ സുഭാഷിണി, പി.കെ സുഭാഷ് ചന്ദ്രൻ മാസ്റ്റർ, അനിൽ പുളിക്കൽ, കെ.കെ ധർമ്മപാലൻ മാസ്റ്റർ, കെ.വി രാമകൃഷ്ണൻ, സുദേവൻ വേളയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വള്ളുവനാട് കൃഷ്ണകലാകേന്ദ്രത്തിന്റെ ചൂട്ട് മെഗാഷോ അരങ്ങേറി.