കൊടകര: ആറ് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച് മികച്ച പ്രവർത്തന ലാഭം നേടിയ ആർ 1394ാം നമ്പർ കൊടകര കാർഷിക കാർഷികേതര വികസന സഹകരണ സംഘം ക്ലാസ് 2 ഗ്രേഡ് പദവി നേടി.
സംഘത്തിന്റെ ആധുനീകരിച്ച ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും മൂന്നിന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കേയാർ കോംപ്‌ളക്‌സിൽ രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സംഘത്തിന്റെ പുതുതായി നിർമ്മിച്ച സ്‌ട്രോംഗ് റൂം ഉദ്ഘാടനം ബെന്നി ബഹനാൻ എം.പിയും മുൻ ഭരണ സമിതി അംഗങ്ങളെ ആദരിക്കൽ ടി.എൻ പ്രതാപൻ എം.പിയും നിർവഹിക്കും.
നിർദ്ധനരായ അംഗങ്ങൾക്കുള്ള ചികിത്സാ സഹായവിതരണം ബി.ഡി ദേവസി എം.എൽ.എയും അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം പ്രൊഫ. കെ.യു അരുണൻ എം.എൽ.എയും മികച്ച കർഷകരെ ആദരിക്കൽ ജില്ലാ ജോ. രജിസ്ട്രാർ സതീഷ് കുമാറും മികച്ച വായ്പ ഗ്രൂപ്പിനെ ആദരിക്കൽ കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദും നിർവഹിക്കും.
സംഘം പ്രസിഡന്റും എസ്.എൻ.ഡി.പി കൊടകര യൂണിയൻ സെക്രട്ടറിയുമായ കെ.ആർ ദിനേശൻ ആമുഖ പ്രസംഗം നടത്തും. തൃശൂർ കാർഷിക കാർഷികേതര വികസന സഹകരണ സംഘം പ്രസിഡന്റ് കെ.വി സദാനന്ദൻ, എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ എന്നിവർ മുഖ്യാതിഥികളാകും. സി.പി.എം ലോക്കൽ സെക്രട്ടറി നൈജൊ കാച്ചപ്പിള്ളി, മണ്ഡലം കോൺ. പ്രസിഡന്റ് ഷൈൻ മുണ്ടക്കൽ, ബി.ജെ.പി കൊടകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ മുരളി, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ സുഗതൻ, സംഘം വൈസ് പ്രസിഡന്റ് ഇ.എൻ പ്രസന്നൻ, സെക്രട്ടറി കെ.എസ് ഷീല എന്നിവർ സംസാരിക്കും.