തൃശൂർ: ഉത്സവ പറമ്പുകളുടെ ചന്തമായിരുന്ന പാറമേക്കാവ് രാജേന്ദ്രൻ (77) ഓർമ്മയായി. പാറമേക്കാവ് ക്ഷേത്രപറമ്പിൽ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അന്ത്യം. ക്ഷേത്രപറമ്പിലാണ് ആന ചെരിഞ്ഞതെന്നതിനാൽ ആചാരമനുസരിച്ച് രാവിലെ ക്ഷേത്രനട തുറന്നില്ല, പൂജകൾ ഒഴിവാക്കി. ക്ഷേത്രപറമ്പിലൊരുക്കിയ പന്തലിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഉൾപ്പടെ ജില്ലയിലെ മിക്കവാറും എല്ലാ ക്ഷേത്രസമിതികൾക്കായും റീത്ത് സമർപ്പിച്ചു. മന്ത്രി പ്രൊഫ. രവീന്ദ്രനാഥും ആദരാഞ്ജലി അർപ്പിക്കാനെത്തി. തൃശൂർ സോഷ്യൽ ഫോസ്ട്രി റേഞ്ച് ഓഫീസർ കെ.ടി. സജീവിന്റെയും, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ഷിറാസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം സംസ്‌കരിക്കാൻ കോടനാട്ടേക്ക് കൊണ്ടുപോയി. ഗജരാജൻ ഗുരുവായൂർ കേശവന്റെ അനുജനായാണ് ആന പ്രേമികളിൽ രാജേന്ദ്രൻ അറിയപ്പെടുന്നത്. ലക്ഷണമൊത്ത ആനകളിൽ ഒന്നായിരുന്നു. തലയും, കൊമ്പും, ചെവികളും, മദഗിരിയുമെല്ലാം കേശവന്റെ അതേ ഛായ രാജേന്ദ്രന് നൽകിയിരുന്നു. രണ്ടുപേരും നിലമ്പൂർ കാടിന്റെ സന്തതികളാണ്.