തൃശൂർ: സ്ത്രീകളുടെയും കുട്ടികളുടെയും അഭയകേന്ദ്രമായ കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിലെത്തുന്ന പരാതികളിൽ ഭൂരിഭാഗവും അണുകുടുംബങ്ങളിൽ നിന്ന്. 20 വിഭാഗങ്ങളാക്കി തിരിച്ച് രേഖപ്പെടുത്തിയ പരാതികളിൽ ഒന്നാം സ്ഥാനത്തുള്ളത് കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ടവയാണ്. ഗാർഹീക പീഡനമാണ് രണ്ടാമത്. മൊബൈൽ ഫോണിന്റെ ദുരുപയോഗവും പുരുഷന്മാരുടെ മദ്യപാനവുമാണ് ഇത്തരത്തിലുള്ള 70 ശതമാനം പരാതികളിലെയും വില്ലൻ.
മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും പ്രായമായവരുടെ സംരക്ഷണം സംബന്ധിച്ചുള്ള തർക്കങ്ങളും പരാതികളിലുണ്ട്. 924 കേസുകളാണ് ഇതുവരെ ഹെൽപ്പ് ഡെസ്‌കിലെത്തിയത്. ഇതിൽ 611 കേസുകളിൽ പ്രശ്‌നപരിഹാരമുണ്ടാക്കാൻ ഹെൽപ്പ് ഡെസ്‌കിന് സാധിച്ചു. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ പരാതികളും. നഗരപ്രദേശങ്ങളേക്കാൾ 80 ശതമാനത്തിലധികമാണ് ഗ്രാമീണ മേഖലയിൽ നിന്നുള്ളവ.

പത്താംക്‌ളാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കിടയിൽ നിന്നാണ് കൂടുതൽ പരാതികൾ. കുറഞ്ഞ വിദ്യാഭ്യാസമുള്ളവരിലും കൂടുതൽ വിദ്യാഭ്യാസമുള്ളവരിലും പരാതികൾ കുറവാണ്.
പ്രവർത്തിക്കുന്ന തൃശൂർ പൂത്തോൾ കാൽവരി റോഡിലെ കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിൽ ഏതു നേരത്തും പരാതിയുമായി സ്ത്രീകൾക്കും കുട്ടികൾക്കുമെത്താം. പരാതികളുടെ സ്വഭാവമനുസരിച്ച് പ്രാദേശികതലത്തിൽ കമ്യൂണിറ്റി കൗൺസിലർമാർ അന്വേഷണം നടത്തും. നിജസ്ഥിതി മനസിലാക്കി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ മാത്രമേ തുടർ നടപടി സ്വീകരിക്കൂ.

 സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്


പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്ന കേന്ദ്രം. വനിതാ ശിശുക്ഷേമം, പൊലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ച് പ്രവർത്തനം. അതിക്രമങ്ങൾക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ്‌നേഹിതയുടെ ഷോർട്ട് സ്റ്റേ ഹോമിൽ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും ലഭിക്കും. രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾ, പരീക്ഷ ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾ എന്നിവർക്ക് ആവശ്യമെങ്കിൽ സ്‌നേഹിതയുടെ ഷോർട്ട് സ്റ്റേ ഹോമിൽ താമസിക്കാം..

 സേവനങ്ങൾ

1. കൗൺസലിംഗ് (നേരിട്ടും ഫോൺ മുഖാന്തരവും)
2. നിയമസഹായം
3. താത്കാലിക സംരക്ഷണം
4. ജീവനോപാധിയിൽ പരിശീലനം


 പരാതികളുടെ സ്വഭാവം

1 കുടുംബപരം

അണുകുടുംബം 864
കൂട്ടുകുടുംബം 60


2. വിദ്യാഭ്യാസ പരം

പ്രീ സ്‌കൂൾ 4
എൽ.പി 120
യു.പി 128
ഹൈസ്‌കൂൾ 90
എസ്.എസ്.എൽ.സി 230
ഹയർസെക്കൻഡറി 140
ഡിഗ്രി 120
പി.എച്ച്.ഡി 30
നിരക്ഷരർ 62


മൊത്തം പരാതികൾ 924
പരിഹരിച്ചത് 611
ടോൾ ഫ്രീ നമ്പർ 18004252573

ഫോൺ: 0487 2382573

നിയമപരമായി കേസ് മുന്നോട്ടുകൊണ്ടുപോകാൻ താത്പര്യമില്ലാത്തവരാണ് പരാതികളിൽ ഏറെപ്പേരും. കൗൺസലിംഗിലൂടെ പരമാവധി കേസുകളിൽ പരിഹാരം കണ്ടെത്താൻ കഴി‌ഞ്ഞിട്ടുണ്ട്. - ആർ.എച്ച്. സാബിറ (കൗൺസിലർ, കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്)