കയ്പ്പമംഗലം: കയ്പ്പമംഗലം പഞ്ചായത്ത് 15-ാം വാർഡിലെ ചാപ്പകടവിൽ വ്യാജ പട്ടയം നിർമ്മിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടിയ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കയ്പ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അനധികൃതമായി നികുതി അടച്ച് കൊടുത്ത കയ്പ്പമംഗലം വില്ലേജ് ഓഫീസർക്ക് എതിരെയും നടപടി എടുക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പു നൽകി. മണ്ഡലം പ്രസിഡന്റ് സി.ജെ. പോൾസൺ, കെ.എഫ്. ഡൊമിനിക്ക്, സുരേഷ് കൊച്ചുവീട്ടിൽ, പി.ടി. രാമചന്ദ്രൻ, കെ.വി. അബ്ദുൽ മജീദ്, വി.കെ. ഉല്ലാസ്, ദാസൻ പനക്കൽ, ഹക്കീം പറമ്പത്ത്കണ്ടി, കെ.എ. സന്തോഷ് എന്നിവർ സംസാരിച്ചു.
ആരോപണം തികച്ചും അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതമാണെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു. കാലങ്ങളായി തന്റെ കുടുംബം കൈവശംവച്ച് അനുഭവിച്ചുപോരുന്ന സ്ഥലമാണിത്. ഇതിന്റെ രേഖകൾ തങ്ങളുടെ കൈവശമുണ്ട്. ഈ സ്ഥലത്ത് 25 കൊല്ലം മുമ്പ് താൽകാലികമായി ഉണ്ടാക്കിയ ഷെഡാണെന്നും താൽക്കാലികമായി നമ്പറിടാനുള്ള അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നുവെന്നും ലോക്കൽ സെക്രട്ടറി വ്യക്തമാക്കി.
എന്നാൽ വ്യാജ പട്ടയമുണ്ടാക്കി ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചതിന് കൊടുങ്ങല്ലൂർ തഹസിൽദാറുടെ പരാതിയിൽ സ്ഥലമുടമക്കെതിരെ കയ്പ്പമംഗലം പൊലീസ് കേസെടുത്തതായി റിപ്പോർട്ടുണ്ട്.