veloor
ഗോഡൗണിൽ ലോറികൾ വിട്ട് കിട്ടാൻ കാത്തു നിൽക്കുന്ന ഡ്രൈവർമാർ..

എരുമപ്പെട്ടി: വേലൂരിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ വിതരണത്തിന് കൊണ്ടുവന്ന ഗോതമ്പിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ പ്രതിസന്ധിയിലായത് ലോഡുമായെത്തിയ ലോറി ഡ്രൈവർമാരാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുളങ്കുന്നത്തുകാവിലെ എഫ്.സി.ഐ ഡിപ്പോയിൽ നിന്നും ലോഡുമായി നാല് ലോറികൾ കുരിയച്ചിറയിലേക്ക് പുറപ്പെട്ടത്. പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് അവിടെ ലോഡിറക്കാൻ ജീവനക്കാർ സമ്മതിച്ചില്ല. തിരികെ എഫ്.സി.ഐ ഡിപ്പോയിൽ എത്തിച്ചപ്പോൾ വേലൂരിലെ ഗോഡൗണിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തുടർന്ന് വേലൂരിലെത്തിയപ്പോൾ പുഴുവിനെ കണ്ടതിനാൽ സ്റ്റോർ കസ്റ്റോഡിയനും ജീവനക്കാരും ഇവിടേയും ലോഡിറക്കുന്നത് തടഞ്ഞു. തുടർന്ന് പരിശോധനയ്ക്ക് വേണ്ടി അഞ്ച് ദിവസമായി ലോഡ് കയറ്റിയ ലോറികൾ വേലൂർ ഗോഡൗണിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹനം ഓടിക്കുന്നതിന് ദിവസവും 500 രൂപയാണ് ലഭിക്കുന്നത്. ദിവസ കൂലി കൊണ്ട് കുടുംബം പുലർത്തുന്ന തൊഴിലാളികൾ ലോറിവിട്ട് കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇതിന് പുറമെ അന്വേഷണത്തിന്റെ ഭാഗമായി ദിവസവും വേലൂരിലെത്തണം. യാത്രക്കൂലിക്കും ഭക്ഷണം കഴിക്കാനും പണം കടം വാങ്ങിയാണ് ഡ്രൈവർമാർ തൃശൂരിൽ നിന്നും വേലൂരിലെത്തുന്നത്. വാഹനങ്ങൾ വിട്ട് നൽകാൻ അധികൃതർ തയ്യാറാകണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു.