ചാലക്കുടി: നഗരസഭയിൽ വീണ്ടും ഭരണപക്ഷത്തെ വെട്ടിലാക്കി പ്രതിപക്ഷനീക്കം. ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ടൗൺ മാസ്റ്റർ പ്ലാൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നൽകിയ നോട്ടീസാണ് ഭരണപക്ഷത്തിന് തലവേദനയായത്. ഇതു പ്രകാരം ശനിയാഴ്ച പ്രത്യേക കൗൺസിൽ യോഗം വിളിച്ചിരിക്കുകയാണ്.
ഭരണപക്ഷത്തെ സ്വതന്ത്രന്മാരായ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ എന്നിവർ മാസ്റ്റർ പ്ലാനിനെ അനുകൂലിക്കുന്നതാണ് എൽ.ഡി.എഫിന് വിനയാകുന്നത്. അവിശ്വാസത്തിന് നോട്ടീസ് നൽകിയെങ്കിലും രഹസ്യമായി മാസ്റ്റർ പ്ലാനിനെ എതിർക്കുന്ന കോൺഗ്രസിലെ പ്രമുഖ നേതാവ്, നടപ്പാക്കാതിരിക്കാൻ തന്ത്രങ്ങൾ മെനയുന്നത് സി.പി.എമ്മിന് ആശ്വാസമായേക്കും.
നോട്ടീസ് നൽകിയവരുടെ നേതാവ് തന്നെ വിഷയത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ഭരണപക്ഷത്തു നിന്നുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടത്രെ. ഇത്തരം ആവശ്യം ഉയർന്നാൽ ചെയർപേഴ്‌സണ് തീരുമാനം എടുക്കാതെ പ്രതിസന്ധിഘട്ടത്തിൽ നിന്നും രക്ഷപ്പെടാനാകും. ഇത്തവണകൂടി മാറ്റിവയ്ക്കപ്പെട്ടാൻ ഈ കൗൺസിലിന്റെ കാലത്ത് മാസ്റ്റർ പ്ലാൻ നടക്കാനിടയില്ലെന്ന് ഇതിനെ രഹസ്യമായി എതിർക്കുന്നവർക്ക് അറിയാം.
എന്നാൽ കോൺഗ്രസിലെ ബഹുഭൂരിപക്ഷം പേരും മാസ്റ്റർ പ്ലാൻ നടപ്പക്കണമെന്ന പക്ഷക്കാരാണ്. എന്തായാലും അടിക്കടിയുള്ള പ്രതിപക്ഷത്തിന്റ അടിയന്തര നോട്ടീസ് നൽകൽ ഭരണപക്ഷത്തെ വല്ലാതെ തളർത്തുകയാണ്. നഗരസഭയോട് വിയോജിപ്പിലായിരുന്ന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസിന് ഔദ്യോഗിക യാത്രഅയപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ സി.പി.ഐയും ഭരണപക്ഷത്തെ ചിലരും അനുകൂലിച്ചത് കഴിഞ്ഞയാഴ്ചയിലെ യോഗത്തിൽ ചെയർപേഴ്‌സണ് നാണക്കേടുണ്ടാക്കി. യോഗം പിരിച്ചുവിട്ടുകൊണ്ടായിരുന്നു അന്നത്തെ പ്രതിസന്ധിഘട്ടം ചെയർപേഴ്‌സൺ തരണം ചെയ്തത്.