ഗുരുവായൂർ: നഗരസഭയിലെ തോടുകളിൽ അടിയന്തരമായി സർവേ നടത്തി കൈയേറ്റം ഒഴിപ്പിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ശ്രീകൃഷ്ണ സ്‌കൂളിന് മുന്നിലെ തോടിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് കൗൺസിലർമാരായ പി.എസ്. പ്രസാദ്, അഭിലാഷ് വി. ചന്ദ്രൻ എന്നിവരാണ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടത്. കുടിവെള്ള പൈപ്പിടാൻ പൊളിച്ച പി.ഡബ്ലു.ഡി റോഡുകളുടെ പുനർനിർമാണം നഗരസഭയ്ക്ക് കുരുക്കായി മാറുന്നതും ചർച്ചയായി. 29.26 കോടിയാണ് റോഡ് പുനർനിർമ്മാണത്തിനായി വകയിരുത്തിയത്. എന്നാൽ പി.ഡബ്‌ളിയു.ഡിയുടെ നിരക്ക് പുതുക്കിയപ്പോൾ ചെലവ് 56 കോടിയായി. പുതിയ നിബന്ധനകൾ നഗരസഭയ്ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
നഗരസഭ നേരിട്ട് റോഡ് റീസ്റ്റോറേഷൻ നടത്തണമെന്ന നിബന്ധനയും അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയക്കാൻ തീരുമാനിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന കുടിവെള്ള പദ്ധതി വിവിധ പഞ്ചായത്തുകളിലെ പി.ഡബ്‌ളിയു.ഡി റോഡ് വഴിയാണ് ഗുരുവായൂരിലെത്തുന്നത്.
പി.ഡബ്‌ളിയു.ഡി റോഡുകൾ റീസ്റ്റോറേഷൻ ചെയ്യുന്നതിന് ഭീമമായ തുകയാണ് ആവശ്യമായി വരുന്നത്. ഇത്തരം സാഹചര്യത്തിൽ നഗരസഭയ്ക്ക് തനതായി റോഡ് റീസ്റ്റോറേഷൻ നടത്തുവാൻ സാമ്പത്തികമായിട്ടും സാങ്കേതികമായിട്ടും പരിമിതിയുള്ള സാഹചര്യത്തിലാണ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ തീരുമാനിച്ചത്. അമൃത് നഗരവികസന പദ്ധതിയിൽ ഗുരുവായൂർ നഗരസഭയുടെ വിഹിതം കണ്ടെത്താൽ സി.എസ്.ആർ മീറ്റ് സംഘടിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. ദേവസ്വം, സർക്കാർ, വിവിധ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ സഹായ സഹകരണത്തോടെയാണ് വിപുലമായ സി.എസ്.ആർ മീറ്റ് സംഘടിപ്പിക്കുക. നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ള 203.10 കോടിയുടെ അമൃത് പദ്ധതികളുടെ 20 ശതമാനം വിഹിതമായി 40.60 കോടിയാണ് കണ്ടെത്തേണ്ടതുള്ളത്. ഇതിനാണ് കോർപ്പറേറ്റ് സ്ഥാപനങ്ങളെ സമീപിക്കുക. അമൃത് പദ്ധതിയിൽ നഗരസഭക്ക് ഒന്നാം സ്ഥാനം ലഭിച്ചത് തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷത്തെ ആന്റോ തോമസ് ചൂണ്ടിക്കാട്ടി. തങ്ങൾ ഇടപെട്ടതു കൊണ്ടാണ് നഗരസഭക്ക് അമൃത് പദ്ധതി ലഭിച്ചതെന്ന് പ്രതിപക്ഷത്തെ പി.എസ്. രാജനും അവകാശ വാദം ഉന്നയിച്ചു. അമൃത് പദ്ധതിയുടെ നടത്തിപ്പിൽ നഗരസഭ ജാഗ്രത കാണിച്ചില്ലെന്ന് എ.ടി. ഹംസയും കുറ്റപ്പെടുത്തി. ചെയർപേഴ്‌സൻ വി.എസ്. രേവതി അദ്ധ്യക്ഷത വഹിച്ചു. ടി.ടി. ശിവദാസൻ, കെ.പി. വിനോദ്, കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, പി.എസ്. രാജൻ, പ്രഫ. പി.കെ. ശാന്തകുമാരി, എ.പി. ബാബു എന്നിവർ സംസാരിച്ചു.