വരന്തരപ്പിളളി : നടാംപാടത്ത് തെരുവുനായ മുന്നിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു. ഇവരുടെ കുട്ടികളുൾപ്പെടെ നാലുപേർക്ക് പരിക്ക്. പുലിക്കണ്ണി കാരിക്കുളം കടവ് റോഡിൽ കൂള ആൽബിന്റെ ഭാര്യ നീതുവാണ് (24) മരിച്ചത്. മക്കളായ എരോൺ (4), നോയിഡ് (മൂന്നു മാസം), നീതുവിന്റെ മാതാവ് ആനി (51), ഓട്ടോ ഡ്രൈവർ വരന്തരപ്പിള്ളി പാലക്കട ബാലൻ എന്നിവർക്കാണ് പരിക്ക്. നടാംപാടം ഇളയാനിക്കാട്ടിൽ മാത്യുവിന്റെ മകളാണ് മരിച്ച നീതു. ഇവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ കുട്ടികൾക്ക് പനിക്ക് ചികിത്സ തേടി മടങ്ങുമ്പോഴായിരുന്നു അപകടം. ആൽബിനും പിതാവും ഗൾഫിലാണ്. നോയിഡിന്റെ മാമോദീസയ്ക്ക് നാട്ടിൽ വന്ന ഇവർ ഗൾഫിലേക്ക് മടങ്ങിയിട്ട് ഒരു മാസമാവുന്നതേയുള്ളൂ. നീതുവിനും മക്കൾക്കും കൂട്ടായി നീതുവിന്റെ മാതാവ് ആനിയും പിതാവ് മാത്യുവും പുതുക്കാട് ആശുപത്രിയിലേക്ക് പോയിരുന്നു.
മടങ്ങി വരുമ്പോൾ പിതാവ് മാത്യു വരന്തരപ്പിള്ളിയിൽ ഇറങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഓട്ടോയിൽ നിന്നും തെറിച്ചുവീണ നീതുവിന്റെ ശരീരത്തേക്കാണ് ഓട്ടോ മറിഞ്ഞത്. തെരുവുനായ ഓട്ടോയുടെ ചക്രത്തിനും മഡ്ഗാഡിനും ഇടയിൽ കുരുങ്ങി. നായയുടെ കരച്ചിൽ കേട്ടാണ് സമീപവാസി ഓടിയെത്തിയത്. ഓട്ടോ ഉയർത്താൻ പറ്റാതായതോടെ അയാൾ അല്പം അകലെ താമസിക്കുന്ന നാട്ടുകാരെ വിളിച്ചു വരുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഓട്ടോ ഉയർത്തി നീതുവിനെയും മറ്റുള്ളവരെയും വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നീതു മരിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഓട്ടോ ഡ്രൈവർ ബാലനെ ഡിസ്ചാർജ്ജ് ചെയ്തു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ആനിയുടെ പരിക്ക് സാരമുള്ളതാണ്. നീതുവിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് വേലൂപ്പാടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. സഹോദരി : മീന...