തൃശൂർ: ഫണ്ട് ലഭിച്ചു, കുറ്റിപ്പുറം - ഇടപ്പള്ളി ദേശീയപാത (66) വികസനത്തിന് ഗതിവേഗം വർദ്ധിക്കുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയവും സംസ്ഥാന സർക്കാരും ദേശീയപാത വികസനത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടതോടെയാണ് ഫണ്ട് ലഭിച്ചത്. നേരത്തെ നാലു യൂണിറ്റുകൾക്ക് വിവിധയിടങ്ങളിൽ പോയി പ്രവർത്തിക്കാൻ പണം ഇല്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്നുമാസങ്ങളായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്ന വിഷയത്തിലുണ്ടായ അനിശ്ചിതത്വം നീങ്ങിയതിന് പിന്നാലെയാണ് പ്രവർത്തനങ്ങൾക്ക് പണം ലഭ്യമായത്.
ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ ഓഫീസിൽ നിന്നും ജീവനക്കാരെ ഇതര ഓഫീസുകളിലേക്ക് മാറ്റുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഫണ്ട് വന്നതോടെ കൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. വിവിധ വില്ലേജുകളിൽ പോകുന്നതിന് വാഹനം പോലും ഇല്ലാത്ത സാഹചര്യമായിരുന്നു. ഒരു വാഹനം മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. പണം എത്തിയതോടെ വാഹനം വാടകയ്ക്ക് എടുത്തു നടപടി ക്രമങ്ങൾ തുടങ്ങാൻ സാധിച്ചു. നേരത്തെ വിലനിശ്ചയവും പുനരധിവാസവും പൂർത്തിയാക്കാതെ 3ഡി വിജഞാപനം ഇറക്കുന്നതിനെതിരെ പാതയോരവാസികൾ 31 പേർ ഹൈക്കോടതിയിൽ എപ്രിൽ രണ്ടിന് ഹർജി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എപ്രിൽ ഒമ്പതിന്‌ അതോറിറ്റി തിടുക്കപ്പെട്ട് ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കോടതി നടപടികൾക്കിടെ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്ന് അതോറിറ്റി മറുപടി നൽകി. ഇതിനെതിരെ ഹർജിക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിെന്റ പകർപ്പ് ഹാജറാക്കിയതോടെ മുഴവുൻ 3ഡി വിജ്ഞാപനവുമായി ബന്ധപ്പെട്ട നടപടികളും നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതി വിധി വന്നു. ഇതിനെതിരെ അതോറിറ്റി റിവ്യൂ ഹർജി നൽകിയിരിക്കുന്നതിനിടെയാണ് വില നിർണയ നടപടികൾ തുടങ്ങുന്നത്.

വില നിർണയ നടപടികൾ ആരംഭിച്ചു

തടസം നീങ്ങിയതിലൂടെ ജില്ലയിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ വില നിർണയ നടപടികൾക്ക് തുടക്കം. ആറു ബൈപാസിൽ അടക്കം 63 കിലോമീറ്റർ വികസനത്തിനാണ് ഭൂമി കണ്ടെത്തേണ്ടത്. ചാവക്കാട് താലൂക്കിൽ 11ഉം കൊടുങ്ങല്ലൂരിൽ ഒമ്പതും അടക്കം 20 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഭൂമി നാലു യൂണിറ്റുകളായി തിരിച്ചാണ് വില നിർണയ നടപടി നടത്തുന്നത്. ആവശ്യമായ ഭൂമിയുടെ 2015 ജൂൺ മുതൽ 2018 ജൂൺ വരെ നടന്നിട്ടുള്ള രജിസ്‌ട്രേഷനിൽ കൂടിയ ആറു വിലകൾ രജിസ്ട്രാർ ഓഫീസിൽ നിന്നും കണ്ടെത്തും. തുടർന്ന് ഇതിൽ നിന്നും കുറഞ്ഞ മൂന്നുവില ഒഴിവാക്കും. ശേഷം കൂടിയ മൂന്നു വിലകളുടെ ശരാശരി വില ഭൂമിയുടെ വിലയായി നിശ്ചയിക്കും. ഇതിന് 12 ശതമാനം അധിക തുകയും നൽകും. നഗരസഭ പരിധിയിലുള്ള ഭൂമിക്ക് ഒരു ശതമാനവും 10 കിലോമീറ്റനുള്ളിലുള്ളവർക്ക് 1.2ഉം 10നും 20നും കിലോമീറ്റർ പരിധിയിലുള്ള ഭൂമിക്ക് 1.4 ശതമാനവും തുകയും അധികം നൽകും. ഇതു കൂടാതെ ഭൂമി വിലയുടെ 100 ശതമാനം സമാശ്വാസ തുകയായും നൽകും.


ഭൂമി ഏറ്റെടുക്കേണ്ടത്.
ചാവക്കാട് താലൂക്ക് 137.7360 ഹെക്ടർ
കൊടുങ്ങല്ലൂരിൽ 67.0104 ഹെക്ടർ