മാള: താത്കാലികമായി എടുക്കുന്ന ട്രേഡ് സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് പുതിയ വാഹനങ്ങൾ യഥേഷ്ടം മാസങ്ങളോളം ഓടിച്ച ശേഷം കിലോമീറ്റർ പൂജ്യത്തിലാക്കി വിൽക്കുന്നു. പുതിയ വാഹനങ്ങൾ ഷോറൂമുകളിൽ എത്തിക്കുമ്പോഴാണ് ഒരു വർഷ കാലാവധിയിൽ സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ ഇത് പുതുക്കി യഥേഷ്ടം ഉപയോഗിച്ചും ദുരുപയോഗം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ട്രേഡ് സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞ ഒരു കാർ ചാലക്കുടിയിൽ നിന്നുള്ള മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്നമനടയിൽ നിന്ന് പിടികൂടിയിരുന്നു. എറണാകുളം ജില്ലയിലെ കളമശേരിയിൽ നിന്ന് മാളയിലേക്ക് വരികയായിരുന്ന കാറാണ് പിടികൂടി മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ഈ സംഭവത്തിൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കേസാണ് എടുത്തത്. ഇത്തരം വാഹനങ്ങളുടെ പൂർണ ഉത്തരവാദിത്വം ഷോറൂമുകൾക്ക് തന്നെയാണ്. ട്രേഡ് സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ വാഹനത്തിൽ സൂക്ഷിച്ച് പകർപ്പ് പുറത്ത് പ്രദർശിപ്പിക്കണമെന്നാണ് നിയമം.

പലപ്പോഴും ട്രേഡിംഗ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ വാഹനങ്ങളാണ് പുതുമോടിയിൽ തന്നെ നിരത്തുകളിലൂടെ ചീറിപ്പായുന്നത്.

എന്നാൽ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചപ്പോൾ ഒരു മാസം മുമ്പ് കാലാവധി കഴിഞ്ഞ ട്രേഡ് സർട്ടിഫിക്കറ്റുമായാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞു. ആദ്യം മൂന്ന് വർഷം കാലാവധി ഉണ്ടായിരുന്ന ട്രേഡ് സർട്ടിഫിക്കറ്റിന്‌ ഇപ്പോൾ അത് ഒരു വർഷമായി. ഷോറൂമിൽ നിന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കൊണ്ടുവന്ന് വാഹനം ഓടിച്ചു കാണിക്കുന്നതിനും കാര്യക്ഷമത ബോദ്ധ്യപ്പെടുത്തുന്നതിനുമാണ് ട്രേഡ് സർട്ടിഫിക്കറ്റ് എടുക്കുന്നത്.

പല വാഹനങ്ങളും ആയിരം കിലോമീറ്റർ വരെ ഓടിച്ച ശേഷമാണ് മീറ്റർ പൂജ്യത്തിലാക്കി ഉപഭോക്താക്കൾക്ക് വിൽക്കുന്നത്. ചില ഷോറൂം നടത്തിപ്പുകാർ വാഹനങ്ങൾ ട്രേഡിംഗ് സർട്ടിഫിക്കറ്റ് എടുത്ത് വാടകയ്ക്ക് നൽകുന്നതായും സൂചനകളുണ്ട്. ഇത്തരം വാഹനങ്ങൾക്ക് ഉയർന്ന ഇൻഷ്വറൻസ് പ്രീമിയം നൽകുന്നതും പുതുമയുള്ളതുമാണെന്നതിനാൽ കൂടുതൽ വാടകയും ഈടാക്കും. പുതിയ വാഹനങ്ങൾ വിൽപ്പന നടത്തി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നിരത്തിലിറക്കി ടെസ്റ്റ് ഡ്രൈവ് നടത്തുന്നതടക്കമുള്ളതിനാണ് ട്രേഡിംഗ് സർട്ടിഫിക്കറ്റ് എടുക്കുന്നത്.

..........

മാളയ്ക്കടുത്ത് അന്നമനടയിൽ നിന്ന് കസ്റ്റഡിയിലെടുത്ത കാറുമായി ബന്ധപ്പെട്ട കേസ് എറണാകുളം ആർ.ടി.ഒയ്ക്ക് നൽകി

ജലീൽ

അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ