തൃശൂർ: തൊഴിയൂർ സുനിൽ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയേക്കും. നിരപരാധികളായ സി.പി.എം പ്രവർത്തകർ ശിക്ഷിക്കപ്പെട്ട സംഭവത്തിൽ കേസ് അട്ടിമറിക്കാൻ വൻ ഗൂഢാലോചനയാണ് നടന്നിരുന്നതെന്ന് വ്യക്തമാണ്. അതിന് എല്ലാ പഴുതുകളും ഉണ്ടാക്കിക്കൊടുത്തത് ലോക്കൽ പൊലീസും പ്രത്യേക അന്വേഷണ സംഘങ്ങളുമാണ്. നിലവിൽ ലോക്കൽ പൊലീസിന്റെ വീഴ്ച അന്വേഷിക്കേണ്ടയെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നീങ്ങുകയും സി.ബി.ഐ ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങൾ കേസ് ഏറ്റെടുക്കുകയും ചെയ്താൽ അന്ന് അന്വേഷണം നടത്തിയവരിലേക്കും നീങ്ങിയേക്കും.
സുനിലിന്റെ കൊലപാതകം നടന്ന കാലഘട്ടത്തിൽ സംസ്ഥാനത്ത് നിരവധി ഓലമേഞ്ഞ സിനിമ തിയറ്ററുകൾ കത്തിച്ചിരുന്നു. കൂടാതെ നോയമ്പ് കാലത്ത് തുറന്നിരുന്ന ചില ചായക്കടകളും അന്ന് അഗ്‌നിക്കിരയാക്കിയിരുന്നു. ഈ കേസുകളുടെയും മറ്റ് കൊലപാതക കേസുകളിലും ക്രൈംബ്രാഞ്ച് മുഖ്യപ്രതിയായി പറയുന്ന സൈതലവി അൻവരിയെ പിടികൂടിയിരുന്നെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയക്കുകയായിരുന്നു. ഇതോടെയാണ് ഇയാൾ മുംബയ് വഴി വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് രക്ഷപ്പെട്ടത്. ഇതിനിടെ ജംഇയ്യത്തുൽ ഇഹ്‌സാനിയയ്ക്ക് ക്വട്ടേഷൻ നൽകിയത് ഗുരുവായൂരിലെ പ്രമുഖ നേതാവാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. സുനിലുമായി ഇയാൾക്ക് ശത്രുത ഉണ്ടായിരുന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
1994 സുനിൽ വധക്കേസ് മുതൽ ആറോളം കൊലാപാതകങ്ങളാണ് ഈ ത്രീവവാദ സംഘടന നടത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വാടാനപ്പിള്ളി രാജീവ്, മതിലകം സന്തോഷ്, കൊല്ലങ്കോട് മണി, വളാഞ്ചേരി താമി, മാള കൊളത്തൂർ മോഹനചന്ദ്രൻ എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഈ കേസുകളിൽ എല്ലാം തന്നെ ത്രീവ്രവാദബന്ധം ഉണ്ടെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തുടരന്വേഷണം നടത്തേണ്ടതില്ലായെന്ന നിർദ്ദേശമാണ് ലഭിച്ചിരുന്നതെന്ന് പറയുന്നു.
സിനിമ തിയറ്ററുകൾ കത്തിക്കുന്ന രീതി
സിനിമ തിയറ്ററുകൾ പാടില്ലെന്ന നിലപാടുകാരായിരുന്നു സെയ്തലവി അൻവരി ഉൾപ്പെട്ട ത്രീവ്രവാദ സംഘടനയ്ക്ക് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് നൂറുക്കണക്കിന് ഓലമേഞ്ഞ സിനിമ തിയറ്ററുകളാണ് അഗ്നിക്കിരയാക്കിയത്. കൃത്യം നടത്താൻ എത്തുന്ന സംഘം ചന്ദനത്തിരിയുടെ അടിഭാഗത്ത് തീപ്പെട്ടി കൊള്ളികൾ കെട്ടിവച്ച ശേഷം കത്തിച്ച് ഓലയിൽ തിരുകി പോകുകയാണ് പതിവ്. ചന്ദനത്തിരി കത്തി അടിഭാഗത്ത് എത്തുമ്പോൾ തീപ്പെട്ടിയിലേക്ക് തീപടരും. ഇത് അന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.