അന്തിക്കാട്: പേരാൻ മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനു പേർ സഞ്ചരിക്കുന്ന റോഡിലാണ് ചെറിയ മഴ പെയ്താൽ പോലും കനത്ത വെള്ളക്കെട്ട് രൂപപ്പെടുന്നത്. സമീപത്തെ പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും ഇവിടത്തെ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമാകുന്നു. നേരത്തെ വെള്ളം ഒഴുകി പോയിരുന്ന പല മാർഗങ്ങളും സ്വകാര്യ വ്യക്തികൾ അടച്ചതും റോഡിലെ വെള്ളക്കെട്ടിന് കാരണമായി. ചില തത്പര കക്ഷികൾക്ക് വേണ്ടി പഞ്ചായത്ത് അധികൃതർ സ്വീകരിച്ച നടപടികളാണ് റോഡിലെ വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നും ആക്ഷേപമുണ്ട്. മഴ പെയ്താൽ റോഡും പാടങ്ങളും നിറഞ്ഞ് അപകട സാദ്ധ്യതയും ഇവിടെയുണ്ട്. സമീപത്തെ ന്യൂലിങ്ക് റോഡിലും സമാന രീതിയിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടത്തെ വെള്ളക്കെട്ടിന് കാരണമായ സ്വകാര്യ വ്യക്തിയുടെ കൈയേറ്റം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒന്നര വർഷം മുൻപ് നൽകിയ പരാതിയിൽ നാളിതുവരെയായിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.