കൊടുങ്ങല്ലൂർ: ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ചുണ്ടൻ വള്ളംകളിയുടെ ഏഴാം മത്സരവും കോട്ടപ്പുറത്ത് തന്നെ നടക്കും. ഒക്ടോബർ 19 ലെ മത്സരത്തിനായി ചുണ്ടൻ വള്ളങ്ങൾ പൊന്നാനിയിലേക്ക് എത്തിക്കാനുള്ള സാങ്കേതിക തടസ്സം കണക്കിലെടുത്താണ് സി.ബി.എൽ ഭരണ സമിതിയുടെ തീരുമാനം. കോട്ടപ്പുറത്തു നിന്ന് ചുണ്ടൻ വള്ളങ്ങളെ ജലമാർഗം തന്നെ 70 കി.മി അകലെയുള്ള പൊന്നാനിയയിലേക്ക് എത്തിക്കാനാണ് ശ്രമം നടത്തിയത്. എന്നാൽ നൂറടിയിലധികം നീളമുള്ള വള്ളങ്ങൾ കൊണ്ടപോകുന്നത് ജലപാതയിൽ പലയിടത്തും ഏറെക്കുറെ അസാദ്ധ്യമായി. അതിനാൽ ആറാം മത്സരം നടന്ന കോട്ടപ്പുറത്തെ മുസിരിസ് പൈതൃക പദ്ധതി മേഖലയിൽ ഒക്ടോബർ 19ന് തന്നെ അടുത്ത മത്സരവും നടത്താൻ തീരുമാനിച്ചത്.

കൈനകരി, ആലപ്പുഴ (ഒക്ടോബർ 26), പുളിങ്കുന്ന്, ആലപ്പുഴ (നവംബർ 2), കായംകുളം, ആലപ്പുഴ (നവംബർ 9), കല്ലട, കൊല്ലം (നവംബർ 16), പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബർ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങൾ. ഓഗസ്റ്റ് 31 ന് പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളം കളിക്കൊപ്പം ആരംഭിച്ച സി.ബി.എൽ കോട്ടയം താഴത്തങ്ങാടി, ഹരിപ്പാട് കരുവാറ്റ, പിറവം, കൊച്ചി മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് കോട്ടപ്പുറത്തെത്തിയത്.

ബുക്ക്‌മൈ ഷോ വഴിയും വേദികളിലെ 20 കൗണ്ടറുകൾ മുഖേനയും ടിക്കറ്റുകൾ ലഭ്യമാണ്. 200 രൂപ മുതൽ 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്

സ്റ്റാർ സ്‌പോർട്‌സ് 2, സ്റ്റാർ സ്‌പോർട്‌സ് 2 എച്ച്.ഡി, സ്റ്റാർ സ്‌പോർട്‌സ് 1 തമിഴ്, ഏഷ്യാനെറ്റ് വേൾഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്സ്റ്റാർ, എന്നീ ചാനലുകളിൽ വൈകീട്ട് നാലു മുതൽ അഞ്ച് വരെ മത്സരങ്ങൾ തത്സമയം കാണാം. ഇ.ടി.വി ആന്ധ്രാപ്രദേശ്, ഇ.ടി.വി തെലങ്കാന എന്നീ ചാനലുകളിൽ റെക്കോർഡ് ചെയ്ത സംപ്രേഷണവുമുണ്ടാകും.