പുതുക്കാട്: ദേശീയ പാത പാലിയേക്കരയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. പുതിയ നിരക്ക് അനുസരിച്ച് പിരിച്ചു തുടങ്ങി. കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് അഞ്ച് രൂപയാണ് വർദ്ധനവ്. നിലവിൽ 70 രുപയായിരുന്നത് 75 രൂപയായി. ഒന്നിലേറെ യാത്രയ്ക്ക് ഈടാക്കിയിരുന്ന 105 രുപ ഇനി മുതൽ 110 രുപയാവും. പ്രതിമാസ യാത്രയ്ക്ക് ഉണ്ടായിരുന്ന 2120രുപ, 2185 രുപയായി വർദ്ധിക്കും.
ചെറുകിട ഭാരവാഹനങ്ങൾക്ക്, 125 ,190,3825 എന്നിങ്ങനെയാണ് നിരക്ക്. ബസ്, ലോറി തുടങ്ങിയവക്ക്, 255,380, 7650 എന്നിങ്ങനെയാണ് പുതിയ നിരക്ക്. പ്രാദേശിക വാസികൾക്കുള്ള സൗജന്യ പാസിനെ സംബന്ധിച്ച് ഉത്തരവിൽ ഒന്നും പരാമർശിച്ചിട്ടില്ല. എന്നാൽ 10 കിലോമിറ്റർ ചുറ്റളവിലുള്ള തദ്ദേശീയർക്ക് പ്രതിമാസം 150 രൂപയ്ക്ക് പാസും, 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് 300 രുപയുടെ പ്രതിമാസ പാസും നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയുമായുള്ള കരാർ അനുസരിച്ച് വർഷാവർഷം ആഭ്യന്തര ഉത്പാദന നിരക്ക് വർദ്ധനവിന് ആനുപാതികമായി സെപ്തംബർ ഒന്നിന് ടോൾ നിരക്ക് വർദ്ധിപ്പിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ കരാർ അനുസരിച്ചുള്ള അറ്റകുറ്റപ്പണികൾ, ഓരോ അഞ്ച് വർഷം കൂടുമ്പോഴുള്ള ടാറിംഗ് തുടങ്ങിയ പ്രവൃത്തികൾ നടത്താത്ത കമ്പനിയെ ടോൾ വർദ്ധിപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഹണനയിലാണ്. ഡി.സി.സി വൈസ് പ്രസിഡന്റ്, അഡ്വ. ജോസഫ് ടാജറ്റാണ് ഹർജി നൽകിയിട്ടുള്ളത്. ഹർജി നിലനിൽക്കേ ചാർജ് വർദ്ധിപ്പിച്ചത് കോടതിയിൽ ചോദ്യം ചെയുമെന്ന് അഡ്വ. ടാജറ്റ് അറിയിച്ചു.