കൊടുങ്ങല്ലൂർ: ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് അട്ടിമറിയിലും സംവരണ വിദ്യാർത്ഥികൾക്ക് മെരിറ്റിൽ അവസരം നഷ്ടപ്പെടുത്താനുമുള്ള നീക്കങ്ങളിലും പ്രതിഷേധിച്ച് നഗരത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സംവരണീയ മുന്നണിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ടാണ് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്. സംവരണ വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന സമീപനമാണ് സംവരണ വിരുദ്ധരായ ബ്യൂറോക്രാറ്റുകൾ സ്വീകരിക്കുന്നത്. ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിൽ നിന്നും അൺ എയ്ഡഡ് സ്കൂളുകളിലെ ഈഴവ, വിശ്വകർമ്മ ,നാടാർ വിഭാഗങ്ങളെ പൂർണമായി തഴഞ്ഞും ക്രിസ്ത്യൻ, മുസ്‌ലിം വിദ്യാർത്ഥികൾക്ക് ഈ ആനുകുല്യം ലഭിക്കുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കിയതും പിന്നാക്ക സമുദായങ്ങളിലെ വിദ്യാർത്ഥികളെ വെട്ടിമാറ്റുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളുണ്ടാക്കി ഇരട്ട നീതി അടിച്ചേൽപ്പിക്കുന്നതിന് പിന്നിലുള്ള ബ്യൂറോക്രാറ്റുകളുടെ ദുഷ്ടബുദ്ധി ഗൂഢലക്ഷ്യത്തോടെയാണെന്ന് സർക്കാർ തിരിച്ചറിയണമെന്നും ഇവരെ നിലയ്ക്ക് നിറുത്തണമെന്നും സംവരണീയ മുന്നണി നേതൃത്വം അവശ്യപ്പെട്ടു. എൻ.ബി. അജിതന്റെ അദ്ധ്യക്ഷതയിൽ പി.വി. സജീവ് കുമാർ, പി.ജി. സുഗുണപ്രസാദ്, ടി.കെ. ഹരിദാസൻ, ശിവരാമൻ എന്നിവർ സംസാരിച്ചു. സി.എസ്. തിലകൻ, രാജേന്ദ്രൻ അയ്യാലിൽ, സി.ബി. സുരേന്ദ്രബാബു, എം.എസ്. രാധാകൃഷ്ണൻ, ശ്രീനി പുല്ലൂറ്റ് തുടങ്ങിയവർ നിൽപ്പ് സമരത്തിന് നേതൃത്വം നൽകി..