കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മേഖലയിൽ തെരുവ് നായ്ക്കൾ പെരുകി, പല ഭാഗത്തും വഴി നടക്കാൻ പറ്റാത്ത അവസ്ഥയായെന്ന് ആക്ഷേപം. ഓരോ സ്ഥലത്തും അഞ്ചും പത്തും പതിനഞ്ചും നായ്ക്കൾ കൂട്ടമായി വിഹരിക്കുന്നത് മൂലം പ്രഭാത നടത്തക്കാർക്കും, രാവിലെ ട്യൂഷന് പോകുന്ന വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. ഇതോടെ പുല്ലൂറ്റ് മേഖലാ കോൺഗ്രസ് പ്രവർത്തക യോഗം തെരുവ് നായ പ്രശ്നമുയർത്തി നഗരസഭയ്ക്കെതിരെ രംഗത്തെത്തി. നായ്ക്കളെ പിടികൂടാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കൂട്ടായ്മ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും കൊടുങ്ങല്ലൂർ നഗരസഭയിൽ ഇതു വരെ അത്തരത്തിലൊരു നടപടിയുണ്ടായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സി.എസ് തിലകൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ ലാലു, കെ.കെ ചിത്രഭാനു, ശ്രീദേവി വിജയകുമാർ, നിഷാഫ് കുര്യാപ്പിളളി, കവിത മധു, എം.ബി മുരളി, നൗഷാദ് പുല്ലൂറ്റ്, പി.എ മുരളി, സി.കെ ഋഷി എന്നിവർ പ്രസംഗിച്ചു...