petrol-pump-owner-murder

ഇരിങ്ങാലക്കുട:കയ്‌പമംഗലത്തെ പെട്രോൾ പമ്പുടമ മനോഹരന്റെ കാറിന്റെ പിന്നിൽ മനഃപൂർവം ബൈക്ക് ഇടിച്ച് അപക‌ടനാടകം സൃഷ്‌ടിച്ച് അദ്ദേഹത്തെ പുറത്തിറക്കിയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ചളിങ്ങാട് കല്ലിപ്പറമ്പിൽ അനസ് (20), കുറ്റിക്കാടൻ സ്റ്റിയോ (20), കയ്പമംഗലം കുന്നത്ത് വീട്ടിൽ അൻസാർ (21) എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കയ്പ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ മനോഹരനെ (68) ചൊവ്വാഴ്ച രാവിലെയാണ് ഗുരുവായൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കയ്പമംഗലത്തെ പമ്പിൽ നിന്ന് ചൊവ്വാഴ്‌ച പുലർച്ചെ 12. 51 നാണ് മനോഹരൻ കാറിൽ വീട്ടിലേക്ക് തിരിച്ചത്. പമ്പിലെ കളക്‌ഷൻ തുക തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ അക്രമികൾ മനോഹരനെ ബൈക്കിൽ പിന്തുടർന്നു. ദേശീയപാതയിൽ നിന്ന് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ പോകുമ്പോൾ അക്രമിസംഘം കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം ഉണ്ടാക്കി. ഉടൻ ഒന്നാം പ്രതി അനസ് ബൈക്കിൽ നിന്ന് താഴെയിറങ്ങി നിലത്ത് കിടന്ന് പിടഞ്ഞ് അപകടം പറ്റിയതായി അഭിനയിച്ചു. കാറ് നിറുത്തി ഇറങ്ങിയ മനോഹരൻ 'എന്ത് പറ്റി മക്കളേ' എന്ന് ചോദിച്ച് ഇവരുടെ അടുത്തെത്തി. പൊടുന്നനെ ചാടി എഴുന്നേറ്റ അനസും സ്റ്റിയോയും അൻസാറും മനോഹരന്റെ വായ പൊത്തിപ്പിടിച്ച് കൈകൾ പിറകിലേക്ക് പിടിച്ച് ടേപ്പ് ചുറ്റി ബന്ധിച്ച് കീഴ്‌പ്പെടുത്തി കാറിലേക്ക് വലിച്ചിട്ടു. കാറുമായി പാഞ്ഞ അക്രമികൾ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു. ഇത് കളിത്തോക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മനോഹരന്റെ പോക്കറ്റിൽ കുറച്ച് പണം മാത്രമാണ് ഉണ്ടായിരുന്നത്. പണം കണ്ടെത്താൻ കാറ് അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ക്ഷുഭിതരായ സംഘം മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പറവൂർ, കളമശേരി, ചാലക്കുടി, ചാവക്കാട് മേഖലയിൽ കറങ്ങി ഗുരുവായൂരിനടുത്ത് പഴയ കെട്ടിടത്തിന് സമീപം മൃതദേഹം ഉപേക്ഷിച്ചു.

പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂർ പൊലീസാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. കയ്പ്പമംഗലം പൊലീസിൽ വിവരം ലഭിച്ചതനുസരിച്ച് ബന്ധുക്കൾ നൽകിയ ഫോട്ടോയുടെയും മറ്റും അടിസ്ഥാനത്തിലാണ് മരിച്ചത് മനോഹരനാണെന്ന് തിരിച്ചറിഞ്ഞത്.പിന്നീട് ബന്ധുക്കൾ എത്തി സ്ഥിരീകരിച്ചു.അന്വേഷണത്തിൽ കൊലപാതകമാണെന്നും തെളിഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും വ്യക്തമായി.

പ്രത്യേക അന്വേഷണസംഘത്തിന്റെ ചടുലമായ നീക്കങ്ങളിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചുപറിക്കാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം.

മനോഹരന്റെ കാറിൽ മൂന്നുപേർ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.മമ്മിയൂരിൽ നിന്ന് കാറുമായി കടന്ന പ്രതികൾ അങ്ങാടിപ്പുറം

റെയിൽവേ സ്‌റ്റേഷൻ പാർക്കിംഗിൽ കാർ ഉപേക്ഷിച്ച് ബംഗളുരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. രാത്രി പെരിന്തൽമണ്ണ പൊലീസെത്തിയാണ് കാർ കസ്റ്റഡിയിലെടുത്തത്. വണ്ടിയുടെ നമ്പർ പ്ലേറ്റുകൾ ഊരിമാറ്റിയിരുന്നു. വണ്ടി ഇടിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു.

ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം റൂറൽ എസ്.പി. കെ.പി വിജയകുമാരൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പ്രതികളെ പിടികൂടിയത്.

മനോഹരന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു


അക്രമവഴി ഇങ്ങനെ:


കയ്പമംഗലം പമ്പിൽ നിന്ന് അകംപാടത്തുള്ള മനോഹരന്റെ വീട്ടിലേക്ക് ദൂരം: മൂന്ന് കിലോമീറ്റർ

ദേശീയപാതയിലൂടെ മനോഹരൻ കാറിൽ സഞ്ചരിച്ചത് 150 മീറ്റർ

അക്രമം ദേശീയപാതയിൽ നിന്ന് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ പോകുമ്പോൾ

കാറിന്റെ പിന്നിൽ ബൈക്കിടിച്ച് അപകടം അഭിനയിച്ച് മനോഹരനെ കാറിന് പുറത്തിറക്കി തട്ടിക്കൊണ്ടുപോയി