കയ്പമംഗലം: പെട്രോൾ പമ്പ് ഉടമ കയ്പ്പമംഗലം കാളമുറി കോഴിപറമ്പിൽ മനോഹരന്റെ പണം തട്ടിയെടുക്കാൻ മുമ്പും ശ്രമമുണ്ടായി. നാല് വർഷം മുമ്പ് കവർച്ചാസംഘം തടഞ്ഞുനിറുത്തി പണം തട്ടിയെടുക്കാൻ നോക്കിയെങ്കിലും പണം നഷ്ടപ്പെട്ടില്ല. അന്ന് മതിലകം സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും പ്രതികളെ പിടികൂടാനായില്ല. കളക്‌ഷൻ തുക രാത്രി കൊണ്ടുപോകരുതെന്ന് പൊലീസ് അദ്ദേഹത്തിന് നിർദ്ദേശവും നൽകി. അതിനുശേഷം ഇന്നേവരെ കളക്‌ഷൻ തുക കൈയിൽ കൊണ്ടു നടക്കാറില്ല. അതിനു മുമ്പും പമ്പിൽ നിന്നും തൊഴിലാളികളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമമുണ്ടായിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ വിദേശത്തേക്ക് ജോലി തേടി പോയ മനോഹരൻ, 12 വർഷം മുമ്പ് നാട്ടിലെത്തി. മരുമകനാണ് മൂന്നുപീടിക ഫ്യൂവൽ എന്ന പെട്രോൾ ബങ്ക് തുടങ്ങിയത്. അത് ഏറ്റെടുത്തു നടത്തുകയായിരുന്നു മനോഹരൻ. എടമുട്ടം സെന്ററിൽ കല്യാണമണ്ഡപം അടക്കം ഷോപ്പിംഗ് സെന്ററും നടത്തിയിരുന്നു. വിദേശത്തായിരിക്കെ, നാട്ടിൽ തുടങ്ങിയ ബിസിനസ് എല്ലാം നോക്കിനടത്തിയിരുന്നത് സഹോദരിയുടെ മകനായിരുന്നു. നാട്ടിൽ സ്ഥിരമായതിന് ശേഷം എല്ലാ ബിസിനസും പെട്ടെന്ന് മനോഹരൻ ഏറ്റെടുക്കുകയായിരുന്നു. സ്വാഭാവികമായും സഹോദരിയുടെ മകനും അന്വേഷണത്തിൻ്റെ നിഴലിൽ നിൽക്കേണ്ടി വന്നു. മനോഹരന്റെ തിരോധാനം മുതൽ കൊലപാതകം തെളിഞ്ഞ് പ്രതികളെ പിടികൂടിയതു വരെ മരുമകന് നേരെ ചോദ്യങ്ങൾ നീണ്ടു. ചൊവ്വാഴ്ച വൈകീട്ട് തന്നെ കയ്പ്പമംഗലം സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുക്കുന്നതിനിടയിൽ പ്രതികളെ പിടികൂടിയതിന് ശേഷമാണ് തന്നെ വിട്ടയച്ചതെന്നും മനോഹരന്റെ മരുമകനായ കണക്കശേരി സന്തോഷ് പറഞ്ഞു. യഥാർത്ഥ പ്രതികളെ പിടികൂടിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
പ്രളയകാലത്തെ രക്ഷകൻ
കഴിഞ്ഞ പ്രളയത്തിന് തന്റെ പമ്പിലെ ഇന്ധനം നൽകി പൊലീസിനൊപ്പം ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു മനോഹരൻ. കടൽ മാർഗം ഗൾഫിലെത്തി 45 വർഷത്തെ സേവനത്തിന് ശേഷമാണ് മനോഹരൻ നാട്ടിലെത്തിയത്. പ്രായം 68 കഴിഞ്ഞെങ്കിലും വെറുതെ ഇരിക്കുന്ന സ്വഭാവക്കാരനല്ല. പമ്പിൽ തിരക്കുള്ള സമയത്തും, ജോലിക്കാർ കുറവുള്ള സമയത്തും പെട്രോൾ അടിച്ചുകൊടുക്കാറുമുണ്ട്. ആളുകളുമായി അധികം സൗഹൃദം കാണിക്കുകയോ, ഇടപഴകുകയോ ചെയ്യാറില്ലെങ്കിലും മാന്യമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വാച്ച്, മോതിരം, സ്വർണ്ണമാല ഇവയൊന്നും ധരിക്കാറില്ല. വിദേശത്തെ ലളിതജീവിതം നാട്ടിലും തുടരുന്ന പ്രകൃതമായിരുന്നു മനോഹരന്റേത്.
പ്രതീക്ഷിച്ചത് വൻതുക,
പണം സൂക്ഷിച്ചിരുന്നത് പമ്പിൽ
പെട്രോൾ പമ്പിലെ ഞായറാഴ്ചയിലെയും തിങ്കളാഴ്ചയിലെയും കളക്‌ഷനായി ലഭിച്ച വൻതുക കൈയിലുണ്ടാകുമെന്ന് കരുതിയാണ് മനോഹരനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് പ്രതികൾ മൊഴി നൽകി. എന്നാൽ മനോഹരൻ വർഷങ്ങളായി ഒരു ദിവസത്തെ കളക്‌ഷൻ സൂക്ഷിച്ചിരുന്നത് പമ്പിൽ തന്നെയായിരുന്നു. പിറ്റേദിവസം അത് ബാങ്കിൽ നിക്ഷേപിക്കും. ജില്ലയ്ക്കകത്തും പുറത്തുമുള്ള സി.സി.ടി.വി കാമറകൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കാമറാ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ തുണയായതും. മനോഹരൻ തനിച്ച് കാറിൽ കയറിപ്പോകുന്നതിന്റെ ദൃശ്യവും സി.സി.ടി.വിയിൽ നിന്ന് ഉടനെ ലഭിച്ചു. മനോഹരന്റെ കാർ സ്ഥിരമായി പോകുന്നത് അറിയാമായിരുന്ന പുതിയ വീട്ടിൽ യൂസഫ്, സംഭവദിവസം അതിവേഗത്തിൽ ബൈക്കിൽ രണ്ടുപേർ അദ്ദേഹത്തിൻ്റെ കാർ ഓവർടേക്ക് ചെയ്തതായി മൊഴി നൽകിയിരുന്നു. ഇതും നിർണ്ണായകമായി.