ചാലക്കുടി: ടൗൺ മാസ്റ്റർ പ്ലാൻ നടപ്പാക്കണമെന്ന വിഷയം ചർച്ച ചെയ്യുന്നതിന് ആ മാസം 19ന് ചേരുന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ആത്മാർത്ഥമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പ്രതിപക്ഷത്തിന് ഒപ്പം നിൽക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ എന്നിവർ വ്യക്തമാക്കി. ചാലക്കുടി നഗരത്തിന്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന മാസ്റ്റർ പ്ലാൻ നടപ്പാക്കുന്ന തീരുമാനം ഐക്യകണ്‌ഠേന പാസാക്കുന്നതിന് എൽ.ഡി.എഫും സഹകരിക്കണമെന്ന് ഭരണപക്ഷത്ത് സ്വതന്ത്രന്മാരായി നിലകൊള്ളുന്ന ഇവർ ആവശ്യപ്പെട്ടു.
മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന് എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിപ്പോൾ നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തുള്ള യു.ഡി.എഫ് രാഷ്ട്രീയ നേട്ടം കൈവരിക്കുകയാണ്. ഇതിന് സാഹചര്യം ഒരുക്കിയത് കഴിഞ്ഞ രണ്ടുവർഷമായുള്ള ഭരണപക്ഷത്തെ അനൈക്യമാണന്നും ഇരുവരും പറഞ്ഞു.
വൈസ് ചെയർമാൻ സ്ഥാനത്തുനിന്നും ഒഴിയില്ലെന്ന് വിൽസൺ പാണാട്ടുപറമ്പിൽ വ്യക്തമാക്കി. എൽ.ഡി.എഫ് ധാരണ പ്രകാരം അടുത്ത മാസം തന്റെ കാലാവധി അവസാനിക്കും. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി എൽ.ഡി.എഫ് സ്റ്റിയറിംഗ് കമ്മിറ്റി സംവിധാനം നിലവില്ല. ഉഷ പരമേശ്വരൻ ചെയർപേഴ്‌സൺ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സി.പി.ഐക്കാർ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിട്ടില്ല. ഇതുമൂലം ആദ്യ വർഷങ്ങളിൽ തുടങ്ങിവച്ച നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിൽസൺ പറഞ്ഞു.
സ്വതന്ത്രരായി ഭരണപക്ഷത്ത് നിൽക്കുന്ന തങ്ങളെ സി.പി.ഐ സ്ഥിരമായി ബഹിഷ്‌കരിക്കുകയുമാണ്. ഇക്കാരണത്താൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ല. അത്തരം സാഹചര്യമുണ്ടായാൽ യുക്തമായ തീരുമാനം കൈക്കൊള്ളുമെന്നും വിൽസൺ പാണാട്ടുപറമ്പിൽ, യു.വി.മാർട്ടിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ
പ്രതിപക്ഷ നിലപാട് ആത്മാർത്ഥമെങ്കിൽ ഒപ്പം നിൽക്കുമെന്ന് സ്വതന്ത്രർ
നിലപാട് വിശദീകരിച്ചത് വിൽസൺ പാണാട്ടുപറമ്പിലും യു.വി. മാർട്ടിനും
മാസ്റ്റർ പ്ലാൻ ഐക്യകണ്ഠേന പാസാക്കാൻ മുന്നണികൾ സഹകരിക്കണം
ഭരണപക്ഷത്തെ അനൈക്യത്തിൽ യു.ഡി.എഫ് രാഷ്ട്രീയനേട്ടം കൊയ്യുന്നു
അടുത്തമാസം കാലാവധി കഴിയുമെങ്കിലും സ്ഥാനം ഒഴിയില്ലെന്ന് വിൽസൺ
ഭരണപക്ഷത്തെ സ്വതന്ത്രരെ സി.പി.ഐ ബഹിഷ്കരിക്കുന്നുവെന്ന്