chira
.( ഫോട്ടോ - ചണ്ടി നിറഞ്ഞ് കിടക്കുന്ന കാവലൻ ചിറ)

എരുമപ്പെട്ടി: ഒരു കോടി ചെലവഴിച്ച് നവീകരിച്ച എരുമപ്പെട്ടി പഞ്ചായത്തിലെ പതിയാരം കാവലൻ ചിറ ഉപയോഗ ശൂന്യമായി മാറുന്നു. സംരക്ഷിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ചിറയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം. രണ്ട് വർഷം മുമ്പ് നബാർഡിന്റെ സഹകരത്തോടെ ഒരു കോടി രൂപ ഉപയോഗപ്പെടുത്തി സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചിറയുടെ നവീകരണം നടത്തിയത്.

ഏക്കർ കണക്കിന് വരുന്ന പതിയാരം കുന്നത്തേരി പാടശേഖരത്തിലെ നെൽക്കൃഷിക്ക് ജലസേചനം നടത്തുന്നതിനും പ്രദേശവാസികളുടെ ഉപയോഗത്തിനും വേണ്ടിയാണ് എം.എൽ.എയായിരുന്ന ബാബു എം. പാലിശേരി ഇടപെട്ട് ചിറയുടെ പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കിയത്. ചിറയിൽ അടിഞ്ഞുകൂടിയ ചേറ് നീക്കം ചെയ്ത് ആഴം വർദ്ധിപ്പിക്കുകയും ചുറ്റുഭാഗവും കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുകയും കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും കുളത്തിലേക്കിറങ്ങാൻ പടവുകൾ നിർമ്മിക്കുകയും ചെയ്തു.

ഏക്കർകണക്കിന് വിസ്തൃതിയുള്ള ചിറയ്ക്ക് ചുറ്റും തണൽമരങ്ങൾ വച്ച് പിടിപ്പിക്കുക, ചെരുവുകളിൽ പുൽത്തകിടിയും പുന്തോട്ടവും നട്ടുപിടിപ്പിക്കുക, കുളത്തിൽ വിനോദത്തിനായി ബോട്ടിംഗ് ആരംഭിക്കുകയെന്ന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും പിന്നീട് നടന്നില്ല. ശരിയായ വിധം മണ്ണ് നീക്കം ചെയ്യാത്തതിനാൽ കഴിഞ്ഞ വേനലിൽ കുളം വറ്റി വരണ്ടു. പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കഴിയാത്തതിനാൽ കുളം കർഷകർക്കും പ്രയോജനപ്പെട്ടില്ല. ജലസമൃദ്ധമാണെങ്കിലും ചണ്ടിയും ചെളിയും നിറഞ്ഞ് കുളം ഉപയോഗ യോഗ്യമല്ലാതായി തീർന്നിരിക്കുന്നു. മുമ്പ് കുളിക്കാനിറങ്ങിയ നാട്ടുകാരൻ ചണ്ടിയിൽ കുരുങ്ങി മരണപ്പെട്ടിരുന്നു.

യഥാസമയങ്ങളിൽ ചണ്ടി നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തതാണ് കുളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയത്. കഴിഞ്ഞ വേനലിൽ പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയാതിരുന്നത് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ കാവലൻചിറയുടെ നവീകരണം പ്രഹസനമായി മാറിയപ്പോൾ സർക്കാരിന് പാഴായത് ഒരു കോടി രൂപയാണ്.