തൃശൂർ : രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാഡമിയിൽ മദ്യപിച്ച് ലക്കില്ലാതെ ബഹളം വച്ച വനിത സബ് ഇൻസ്പെക്ടർ ട്രെയിനിക്ക് പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.15 ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ പിരിച്ചുവിടുമെന്ന് നോട്ടീസിൽ പറയുന്നു. സ്റ്റേറ്റ് പൊലീസ് ചീഫിനായി ഹെഡ് ക്വാർട്ടേഴ്‌സ് ഡി.ഐ.ജിയാണ് നോട്ടീസ് നൽകിയത് . ഒക്ടോബർ അഞ്ചിന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇവരെ ബലം പ്രയോഗിച്ച് തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പൊലീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫിൽ ജോലി ചെയ്യുമ്പോഴാണ് സ്റ്റാഫ് ക്വോട്ടയിൽ എസ്.ഐ സെലക്‌ഷൻ ലഭിച്ചത്. ഇവർ താമസിച്ചിടത്തു നിന്നും മുക്കാൽ കുപ്പി വൈറ്റ് റം പിടിച്ചെടുത്ത് കാക്കനാട് കെമിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു..