gothab
വേലൂരിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ഗോതമ്പ് ലോഡ്

എരുമപ്പെട്ടി: വേലൂരിലെ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് എഫ്.സി.ഐയിൽ നിന്ന് കൊണ്ടുവന്ന ഗോതമ്പിൽ പുഴുക്കളെ കണ്ട സംഭവത്തെ തുടർന്ന് ഗോതമ്പ് ലോഡ് തിരിച്ചയക്കാൻ കളക്ടർ നിർദേശം നൽകി. പുഴുക്കളെ കണ്ടതിനെ തുടർന്ന് തൃശൂർ കുരിയച്ചിറയിലെ ഗോഡൗണിൽ ഇറക്കാതെ മടക്കിയ ഗോതമ്പ് എഫ്.സി.ഐ വേലൂരിലേക്ക് എത്തിക്കുകയായിരുന്നു.

ജില്ലാ സപ്ലൈ ഓഫീസർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഗോതമ്പ് വേലൂരിലെ ഗോഡൗണിൽ ഇറക്കാൻ അനുവദിച്ചില്ല. സപ്ലൈകോ സ്‌പെഷ്യൽ സ്‌ക്വാഡും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോതമ്പ് മടക്കി അയക്കാൻ കളക്ടർ എസ്. ഷാനവാസ് നിർദേശം നൽകിയത്.

എഫ്.സി.ഐ ഡിപ്പോ മാനേജരും ക്വാളിറ്റി അഷ്വറൻസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ ഗോതമ്പ് ഭക്ഷ്യ യോഗ്യമാണെന്നാണ് കണ്ടെത്തിയത്. ഏതാനും ചില ചാക്കുകൾക്ക് പുറമെയാണ് പുഴുക്കളെന്നും ഗോതമ്പിൽ പുഴുക്കൾ കലർന്നിട്ടില്ലെന്നും എഫ്.സി.ഐ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പുഴക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ ഈ ലോഡിലെത്തിയ ഗോതമ്പ് വിതരണം ചെയ്യാൻ കഴിയില്ലെന്ന് കാണിച്ച് സിവിൽ സപ്ലൈസ് വകുപ്പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോതമ്പ് തിരിച്ചയക്കാൻ കലക്ടർ ഉത്തരവിട്ടത്.

പുഴുക്കളുണ്ടെന്ന് വിവരം ലഭിച്ചിട്ടും ഗോതമ്പ് വേലൂരിലേക്ക് അയച്ചതും ഗോഡൗണിൽ മാത്രം ഉപയോഗിക്കുന്ന കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റ് ഗുളികകൾ ഗോതമ്പ് ചാക്കുകൾക്കിടയിൽ ഉപയോഗിച്ചതും എഫ്.സി.ഐ ഉദ്യോസ്ഥർക്ക് സംഭവിച്ച വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം എഫ്.സി.ഐ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാദ്ധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന.