പ്രത്യേക ടീം രൂപീകരിച്ചു
തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ പട്ടിക എക്‌സൈസ് വകുപ്പ് രഹസ്യമായി തയ്യാറാക്കുന്നു. ഇതിനായി പ്രത്യേക ടീം രൂപീകരിച്ചു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും കുട്ടികളുടെ പേര് വിവരം പുറത്തുവിടില്ല. കുട്ടികളിലൂടെ ലഹരിമാഫിയയുടെ വേരറുക്കുകയാണ് ലക്ഷ്യം. രക്ഷിതാക്കളുടെ കൂടി സഹായത്തോടെ ഇത്തരം വിദ്യാർത്ഥികളെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കണ്ടെത്താൻ പ്രത്യേക ഇന്റലിജൻസ് സംവിധാനം നിലവിൽ വന്നു. അടുത്തിടെ കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ കഞ്ചാവ് കടത്തുകാരിൽ രണ്ടുപേർ ജില്ലയിൽപെട്ടവരായിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് 236 കിലോ കഞ്ചാവ് എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡ് പിടിച്ചെടുത്തത് മണ്ണുത്തിയിലെ വീട്ടിൽ നിന്നായിരുന്നു. തീരദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരിമാഫിയയുടെ കണ്ണികൾ ജില്ലയിലെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് വകുപ്പിന്റെ മുൻകരുതൽ.
പ്രവർത്തനം ഇങ്ങനെ
താലൂക്കുകൾ കേന്ദ്രീകരിച്ചായിരിക്കും എക്‌സൈസ് പ്രത്യേക സംഘത്തിന്റെ പ്രവർത്തനം
സർവേകളിലൂടെ കണ്ടെത്തുന്ന കുട്ടികൾക്ക് കൗൺസലിംഗും ആവശ്യമെങ്കിൽ ചികിത്സയും
അദ്ധ്യാപകർ കൂടി പദ്ധതിയിൽ അംഗമാകും
ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ലഹരി മോചന കേന്ദ്രത്തിൽ ചികിത്സ
ഒരു വർഷത്തിനുള്ളിൽ ഈ കേന്ദ്രത്തിൽ ചികിത്സ തേടിയവർ 720 ഓളം പേർ
ലഹരി വിരുദ്ധ ക്‌ളബ്
മെഡിക്കൽ വിദ്യാർത്ഥികളെക്കൂടി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളിൽ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളേജിൽ ഇന്ന് ലഹരിവിരുദ്ധ ക്‌ളബ് രൂപീകരിക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജും, ഡെന്റൽ കോളേജും, നഴ്‌സിംഗ് കോളേജും സംയുക്തമായാണ് ലഹരി വിരുദ്ധ ക്‌ളബിന് രൂപം നൽകുന്നത്. സംസ്ഥാനത്തെ ആദ്യ സംരംഭം കൂടിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ക്‌ളബ്ബിലെ അംഗങ്ങളാകും. ചുറ്റുമുള്ള സ്‌കൂളുകളിലെയും, കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ ബോധവത്കരണം നൽകുകയെന്നതാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്.