അധികൃതർക്ക് നിസംഗത, ഒത്താശയെന്ന് നാട്ടുകാർ
വടക്കേക്കാട്: വടക്കെക്കാട് പഞ്ചായത്തിൽ നിയമം ലംഘിച്ച് കെട്ടിട നിർമ്മാണവും അറവുശാലകളുടെ പ്രവർത്തനവും നടക്കുന്നു. മുക്കിലപ്പീടികയിലും കൊച്ചനൂർ സെന്ററിലുമാണ് അനധികൃത നിർമ്മാണം കൂടുതൽ. എന്നാൽ ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർക്ക് അനക്കമില്ല. അനധികൃത നിർമ്മാണങ്ങളും അറവുശാലയുടെ പ്രവർത്തനവും പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ദേശീയപാതയോരത്തു നിന്നും മൂന്നു മീറ്റർ അകലം പാലിക്കാതെയുള്ള കെട്ടിടം, കളക്ടർ അനുമതി നൽകി ആരംഭിക്കേണ്ട ദേവാലയങ്ങൾ എന്നിവയുടെ നിർമാണം ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കുന്നില്ല. പാതയോരത്ത് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച വടക്കേക്കാട് പൊലീസിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും നടപടികളില്ല.
പഞ്ചായത്തിലെ പ്രധാന തെരുവായ മുക്കിലപ്പീടികയിൽ യാതൊരു നിയമവും പാലിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവ പൂർത്തിയായാൽ ഗതാഗതക്കുരുക്കും അപകടവും വർദ്ധിക്കുന്നതിന് ഇടയാക്കും. ചില കെട്ടിടങ്ങളിൽ രേഖാ മൂലമുള്ള നിർമാണം പൂർത്തിയാക്കിയ ശേഷം അനുമതി വാങ്ങാതെ കെട്ടിട നിർമ്മാണചട്ടം ലംഘിച്ച് പുനർനിർമാണം നടക്കുന്നുണ്ട്.
നൂറുകണക്കിന് രോഗികളെത്തുന്ന കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിനടുത്ത് തന്നെ പൊടി പടലങ്ങൾ രൂക്ഷമായി ഉണ്ടാകുന്ന ഹൈഡ്രോളിക് സിമെന്റ് കട്ട നിർമാണ യൂണിറ്റിനും, പുക ശല്യം ഉണ്ടാകുന്ന ആഡംബര കല്യാണ മണ്ഡപങ്ങൾക്കും അനുമതി കൊടുത്ത നടപടി ഏറെ വിവാദമായിരുന്നു. അതേസമയം, ഭരണകക്ഷിയിലെ പ്രമുഖ നേതാവിന് അപ്രിയരായ വ്യക്തികളുടെ ഫ്‌ളാറ്റ് നിർമാണം തടസപ്പെടുത്തിയതായും ആരോപണം ഉയരുന്നുണ്ട്.
കൂണുപോലെ അറവുശാലകൾ
ആരോഗ്യ പ്രശ്‌നങ്ങളേറെ സൃഷ്ടിക്കുന്ന അറവുശാലകൾ കൂണുപോലെയാണ് വിവിധയിടങ്ങളിൽ ഉയരുന്നത്. തികച്ചും വൃത്തിഹീനമായാണ് പലയിടത്തും പ്രവർത്തനം. മുക്കിലപ്പീടിക, കൊമ്പത്തയിൽ പടി, ഐ.സി.എ സ്‌കൂൾ പരിസരം, കൊച്ചനൂർ, ഞമനേങ്ങാട് കണ്ടമ്പുള്ളി സ്‌കൂൾ, എന്നിവിടങ്ങളിലെ അറവുശാലകളുടെ സ്ഥിതി പരിതാപകരമാമെന്നാണ് അറിവ്.
അറവുമാലിന്യം സംസ്‌കരിക്കുന്നതിനും മറ്റും സൗകര്യമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ ആൾവാസമില്ലാത്ത പ്രദേശത്ത് തള്ളുന്നതായും പരാതി ഉയരുന്നുണ്ട്. മാംസം പ്രദർശിപ്പിക്കേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്‌കൂൾ പരിസരത്ത് കടകൾ പ്രവർത്തിക്കുന്നുവെന്നും ആക്ഷേപമുണ്ട്.