മുക്കാട്ടുകര (തൃശൂർ) : നെല്ലങ്കര മുക്കാട്ടുകര കർഷകത്തൊഴിലാളി സമര നായിക ഇറ്റ്യാനം (92) നിര്യാതയായി. സംസ്‌കാരം മുക്കാട്ടുകര സെന്റ് ജോർജസ് പള്ളി സെമിത്തേരിയിൽ നടത്തി. സി.പി.എം മുക്കാട്ടുകര സൗത്ത് ബ്രാഞ്ചംഗമാണ്.
മുക്കാട്ടുകര മാവിൻചുവട് വടക്കൻ പരേതനായ പൈലോതിന്റെ ഭാര്യയാണ്. മക്കൾ: ബേബി, തങ്കമ്മ, മേരി, സലോമി, പരേതനായ വിൽസൻ, ലില്ലി. മരുമക്കൾ: തങ്കമ്മ, ജോണി, പരേതനായ അഗസ്തി, പരേതനായ ദേവസി, ട്രീസ, രാജൻ. അഞ്ചിലൊന്ന് പതം, പിൻപണി സമ്പ്രദായം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി 1970 - 72 കാലഘട്ടത്തിൽ നെല്ലങ്കര മുക്കാട്ടുകര പാടശേഖരങ്ങളിൽ കർഷകത്തൊഴിലാളികൾ നടത്തിയ സമരത്തിൽ നിർണായക പങ്കുവഹിച്ചു. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് ഭീകരമർദ്ദനം അഴിച്ചുവിട്ട് സമരത്തെ തകർക്കാൻ ഭൂഉടമകൾ നടത്തിയ കടുത്തശ്രമത്തെ ചെറുക്കാൻ മുൻപന്തിയിലുണ്ടായിരുന്നു ഇറ്റ്യാനം. കൈയിൽ അരിവാളുമായി തലയിൽ വച്ച് മർദ്ദനത്തെ ചെറുത്തു. അരിവാളിൽ കൈതട്ടി എസ്.ഐയുടെ വിരലിന് മുറിവേറ്റു. എന്നാൽ എസ്.ഐയെ വെട്ടിയെന്ന് ആരോപിച്ച് കൂട്ടമായെത്തിയ പൊലീസ് ഇറ്റ്യാനത്തെ മർദ്ദിച്ചു. രക്തം വാർന്ന ഇറ്റ്യാനത്തിന് അഞ്ചാം ദിവസമാണ് ബോധം വീണത്.