കയ്പ്പമംഗലം: ദിവസങ്ങൾക്കു മുമ്പ് മതിലകം കട്ടൻ ബസാറിൽ യുവാവിനെ കുത്തിക്കൊന്ന് മുങ്ങിയ ഒന്നാം പ്രതിയെ ഒറീസയിൽ നിന്നും പിടികൂടിയ അതേ മാതൃകയിലാണ് അന്വേഷണ സംഘം മനോഹരന്റെ ഘാതകരെയും സംഭവത്തിന്റെ രണ്ടാം നാൾ തന്നെ കുടുക്കിയത്. സംഭവം കൊലപാതകമാണെന്നറിഞ്ഞപ്പോൾ പലഭാഗത്തായി 10 അംഗ സ്‌ക്വാഡുകൾ രുപീകരിച്ചിരുന്നു. ഇതോടെ മണിക്കൂറുക്കൾക്കും പ്രതികളെ പിടികൂടാനായി.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതോടെ പൊലീസ് സൈബർ പൊലീസിന്റെ സഹായവും തേടി. പ്രതികളെ തിരിച്ചറിഞ്ഞതോടെ ഇവർ ബന്ധപ്പെടാൻ സാദ്ധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കി. അങ്ങാടിപ്പുറത്ത് കാർ ഉപേക്ഷിച്ച സംഘം സഹായത്തിനായി കയ്പമംഗലത്തെ സുഹൃത്തിനെ വിളിച്ചു. ഇതിനകം ഇയാളെ വലയിലാക്കിയ പൊലീസ്, സഹായത്തിന് സുഹൃത്തിന്റെ വാഹനമയക്കാമെന്ന് ഇയാളെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു. പിന്നീട് വാഹനമയച്ച് പ്രതികളെ വലയിലാക്കുകയായിരുന്നു.

ഓപറേഷൻ റേഞ്ചർ എന്ന പേരിൽ സംസ്ഥാനത്ത് കഴിഞ്ഞ ഒന്നാം തിയതി മുതൽ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള പദ്ധതി ആരംഭിച്ചത് അന്വേഷണങ്ങൾക്ക് കൂടുതൽ സഹായകമായെന്ന് പൊലീസ് സംഘം പറയുന്നു. മദ്ധ്യമേഖല ഡി.ഐ.ജി. എസ്. സുരേന്ദ്രൻ, തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി കെ.പി വിജയകുമാരൻ , ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പിള്ളി ഇൻസ്‌പെക്ടർ കെ.ആർ ബിജു, കയ്പ്പമംഗലം എസ്.ഐ ജയേഷ് ബാലൻ, പി.ജി അനൂപ്, റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ എം.പി മുഹമ്മദ് റാഫി, സീനിയർ സി.പി.ഒമാരായ സി.എ ജോബ്, എം.കെ ഗോപി, സൂരജ് വി. ദേവ്, ഷഫീർ ബാബു, ജീവൻ ഇ.എസ്, മാനുവൽ എം.വി എന്നിവരടങ്ങിയതാണ് പ്രത്യേക അന്വഷണ സംഘം.