ഗുരുവായൂർ: മമ്മിയൂരിൽ ഇടിഞ്ഞു വീഴാറായി നിൽക്കുന്ന കെട്ടിടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരക്കേറിയ മമ്മിയൂർ കുന്നംകുളം റൂട്ടിലാണ് ഈ കെട്ടിടം നിൽക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം തള്ളിയത് ഈ കെട്ടിടത്തിനരികിലാണ്. എൽ.എഫ് കോളജ്, ആര്യഭട്ട കോളേജ്, എൽ.എഫ്. ഹയർ സെക്കൻഡറി സ്‌കൂൾ, ശ്രീകൃഷ്ണ സ്‌കൂൾ എന്നിവിടങ്ങളിലേക്ക് നൂറു കണക്കിന് വിദ്യാർത്ഥികൾ പോകുന്ന റോഡിന് സമീപമാണ് കെട്ടിടം എന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. നഗരസഭാ വൈസ് ചെയർമാന്റെ വാർഡിലാണ് ഈ കെട്ടിടം. അപായ സ്ഥിതിയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാനായി നിരവധി തവണ കെട്ടിട ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. കെട്ടിടം പൊളിച്ചുമാറ്റാനായി നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് മാറിനിൽക്കുകയാണ് നഗരസഭ അധികൃതർ.