പുതുക്കാട്: തൃശൂരിൽ നിന്നും വിളിച്ച് കൊണ്ടുവന്ന യൂബർ ടാക്‌സി ഡ്രൈവറെ ആമ്പല്ലൂരിൽ വച്ച് അക്രമിച്ച് കാറുമായി കടന്നവരെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കി. ടാക്‌സി വിളിച്ചയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

കാലടി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കാർ ഇന്നലെ പുതുക്കാട് സ്റ്റേഷനിൽ എത്തിച്ചു. കാലടിയിൽ വിരലടയാള വിദഗ്ദ്ധൻ കാറിൽ നിന്നും വിരലടയാളം ശേഖരിച്ചിരുന്നു. പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതായും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. തലയ്ക്ക് പരിക്കേറ്റ ഡ്രൈവർ, മണ്ണംപേട്ട കരുവാപടി, പാണ്ടാരി രാഗേഷ് ആശുപത്രി വിട്ടു.