മുഖ്യസൂത്രധാരൻ അനസ്
മനോഹരനിൽ നിന്ന് ആകെ ലഭിച്ചത് 200രൂപ
കയ്പ്പമംഗലം: പെട്രോൾ പമ്പ് ഉടമ മനോഹരനെ തട്ടിക്കൊണ്ടു പോയി പണം തട്ടാനുള്ള ആസൂത്രണം നാലു ദിവസം മുമ്പേ സംഘം ആരംഭിച്ചു. ഇതിന്റെ ട്രയൽ നടത്തിയെങ്കിലും സംഭവം നടന്നതിന്റെ ഒരു ദിവസം മുമ്പു നടക്കേണ്ട പദ്ധതി അന്ന് നടക്കാതെ പോയി. അന്ന് മനോഹരൻ വേഗത്തിൽ വണ്ടി ഓടിച്ചതിനാൽ ആസൂത്രണം ചെയ്തത് പോലെ പദ്ധതി നടപ്പിലാക്കാനായില്ല. ഒരു വർഷം മുമ്പ് വാങ്ങിയ കളിത്തോക്കും കൃത്യം നടത്തുന്നതിനായി ഇവർ ഉപയോഗിച്ചു. സംഭവദിവസം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടതായി നടിച്ച് കിടക്കുമ്പോൾ അടുത്തെത്തുന്ന മനോഹരനെ ഭീഷണിപ്പെടുത്താനായാണ് ഈ തോക്ക് ഉപയോഗിച്ചത്. തോക്ക് കണ്ട് ഭയന്ന മനോഹരനെ, കൈ പിന്നിലേക്ക് കെട്ടി കാറിലേക്ക് തള്ളിയിടുകയായിരുന്നു. ഏറെ ഭീഷണിപ്പെടുത്തിയിട്ടും മനോഹരനിൽ നിന്ന് ആകെ ലഭിച്ചത് 200 രൂപയായിരുന്നു. ഇത് പ്രതികളെ ക്ഷുഭിതരാക്കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അൻസാർ പ്ലസ് വൺ വരെയും അനസ് പത്താം ക്ലാസ് വരെയും, സ്റ്റിയോൺ ഐ.ടി.ഐ വരെയുമാണ് പഠിച്ചത്. സ്കൂളിൽ ചെറിയ ക്ളാസിൽ ഒന്നിച്ച് പഠിച്ചവരാണ് അനസും, അൻസാറും. ഹൈസ്കൂളിൽ ഒന്നിച്ച് പഠിച്ചവരാണ് സ്റ്റിയോണും അൻസാറും. നാട്ടിൽ കാറ്ററിംഗ് അടക്കം പല പണികളും ചെയ്തിരുന്നു. ആർഭാട ജീവിതം നയിക്കാനായാണ് കവർച്ചയ്ക്ക് ഇറങ്ങിയത്. സ്റ്റിയോണും അനസും മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരിൽ അനസ് ക്രിമിനൽ മൈൻഡുള്ളയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കുടുംബവഴക്കിനെ തുടർന്ന് മാതാവിന്റെ മാതാവിനെ മർദ്ദിച്ച കേസ് ഇയാൾക്കെതിരെ ഉണ്ട്. പെട്രോൾ പമ്പിൽ പെട്രോളടിക്കാനെന്ന വ്യാജേനയെത്തി മനോഹരനെ നിരീക്ഷിച്ച് വ്യക്തമായ പ്ളാൻ തയ്യാറാക്കിയതും സംഭവത്തിലെ മുഖ്യസൂത്രധാരനും അനസാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. സംഭവം നടത്തുമ്പോൾ ഇവർ ബിയർ കഴിച്ചിരുന്നു.