ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി കച്ചേരിയിലെ ഷെൽട്ടർ ഹോമിന്റെ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിയുടെ കത്ത്. ഷെൽട്ടർ ഹോമിന്റെ നിർമ്മാണം അഞ്ചങ്ങാടിയിലെ പമ്പ് ഹൗസിന്റെ രണ്ടു മീറ്റർ ചുറ്റളവിലായിരിക്കെ ടാങ്കിന് കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് അറിയിച്ചാണ് കേരള വാട്ടർ അതോറിറ്റി ഗുരുവായൂർ അസിസ്റ്റന്റ് എൻജിനിയർ കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത്. ഇതോടെ ഷെൽട്ടർ ഹോമിന്റെ നിർമ്മാണ ചുമതലയുള്ള ദുരന്തനിവാരണ വകുപ്പ് അധികൃതർക്ക് പഞ്ചായത്ത് സെക്രട്ടറിയും കത്ത് നൽകി. പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ ജനങ്ങളുടെ ഏക കുടിവെള്ള ആശ്രയമായ 30 വർഷത്തോളം പഴക്കമുള്ള ടാങ്കിന്റെ സമീപത്ത് ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിൽ ആവശ്യമായ മുൻകരുതലുകളും ജാഗ്രതയും ഉണ്ടാകണമെന്നും സെക്രട്ടറി കത്തിൽ വ്യക്തമാക്കി. കുടിവെള്ള ടാങ്കിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിധം നിർമാണം നടത്തുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നുണ്ടെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.